Thursday, September 27, 2012

ഒരു സ്‌ത്രീയുടെ കഥ, ഒരുപാട്‌ തലമുറകളുടെയും


"ചേച്ചി ഈ കൊച്ചിനെ കൊടുത്തുവിട്‌, ദീനം പിടിച്ച ഇതെങ്ങാനും ഇല്ലാതായാല്‍ ചേച്ചി സമാധാനം പറയേണ്ടി വരും. തള്ളയുടെ അടുത്താവുമ്പോള്‍ നമുക്ക്‌ പേടിക്കണ്ട".
എന്റെ അമ്മൂമ്മയോട്‌ അവരുടെ സഹോദരിയാണ്‌ ഇത്‌ പറഞ്ഞത്‌. അവര്‍ ആ കുഞ്ഞിനെ തള്ളയുടെ അടുത്തേക്ക്‌ അയച്ചില്ല. ആ കുഞ്ഞ്‌ ദീനം വന്ന്‌ ചത്തുപോയില്ല എന്നതിന്‌ ഇതെഴുതാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഞാന്‍ തന്നെ തെളിവ്‌. എന്ത്‌ ധൈര്യത്തിലാണ്‌ ദീനക്കാരനായ എന്നെ അമ്മയുടെ അടുത്തേക്ക്‌ അയക്കാതെ വളര്‍ത്താന്‍ അമ്മൂമ്മ തീരുമാനിച്ചതെന്ന്‌ ഇപ്പോഴും അറിയില്ല. എന്നാല്‍ സുരക്ഷിതമായ ആ കൈകളില്‍ കിടന്ന്‌ വളര്‍ന്ന ആദ്യത്തെ കുട്ടിയല്ല ഞാന്‍. എനിക്ക്‌ മുമ്പും ശേഷവും കുടുംബത്തിലെ കുട്ടികള്‍ അമ്മൂമ്മയുടെ സുരക്ഷിതമായ കൈകളിലൂടെ കടന്നുപോയി.

എനിക്ക്‌ ഒരു വയസാകുന്നതിന്‌ മുമ്പേ എന്നെ അമ്മൂമ്മയുടെ അടുത്താക്കി ചേട്ടനെയും കൂട്ടി അമ്മയ്‌ക്ക്‌ അച്ഛന്റെ ജോലിസ്ഥലത്തേക്ക്‌ പോകേണ്ടി വന്നു. എന്നെ കൂടെ കൂട്ടാത്തതിന്‌ കാരണം അനിയത്തിയുടെ ആസന്നമായ വരവായിരിക്കാം. അല്ലെങ്കില്‍ അച്ഛന്റെ ജോലിസ്ഥലമായ ഉത്തരേന്ത്യയിലെ കൊടും ശൈത്യവും വേനലും എന്നെ ബാധിക്കരുതെന്ന കരുതലുമാകാം. ആ പഴയകാലത്തെ ഓര്‍മ്മകള്‍ നിറകണ്ണുകളോടെ അല്ലാതെ പറയാന്‍ ഇപ്പോഴും എന്റെ അമ്മൂമ്മയ്‌ക്കാവില്ല. ആ സ്‌നേഹവും വാത്സല്യവും വീണ്ടും അറിയാനും ആ കാലത്തെ ഓര്‍മ്മയുടെ തിരശീലയില്‍ സങ്കല്‍പ്പിച്ച്‌ ആസ്വദിക്കാനും വീണ്ടും വീണ്ടും അമ്മൂമ്മയെ കൊണ്ട്‌ ഇപ്പോഴും ഞാന്‍ അതൊക്കെ പറയിക്കും.

പൊതുപ്രവര്‍ത്തകനായ അപ്പൂപ്പനും കോളേജിലും ഹൈസ്‌ക്കൂളിലുമൊക്കെ പഠിക്കുന്ന അമ്മൂമ്മയുടെ മക്കളും രാവിലെ ഇറങ്ങിക്കഴിഞ്ഞാല്‍ ആ വലിയ വീട്ടില്‍ ഞാനും അമ്മൂമ്മയും മാത്രമാകും. ആകെ കൂട്ടിനുണ്ടാവുക തവിട്ടുനിറമുള്ള റൂബി എന്ന നായയും തൊഴുത്തിലെ പശുക്കളും. വീടിന്റെ വരാന്തയില്‍ നിന്നും താഴേക്ക്‌ നോക്കിയാല്‍ വിശാലമായ നെല്‍പ്പാടമാണ്‌. ചിലപ്പോള്‍ ഞാറ്‌ നടാനോ കൊയ്‌ത്തിനോ ഓല മെടയാനോ ഒക്കെ എത്തിയ പണിക്കാര്‍ വയലിലുണ്ടാകും. അവരോട്‌ പറഞ്ഞിട്ടാണ്‌ എന്നെ ഉറക്കിക്കിടത്തി അമ്മ (അമ്മൂമ്മയെ ഈ അടുത്ത കാലം വരെ ഞാന്‍ അങ്ങനെയാണ്‌ വിളിച്ചിരുന്നത്‌) അത്യാവശ്യം സാധനങ്ങള്‍ വാങ്ങാന്‍ ചന്തയില്‍ പോവുക. ഒരിക്കല്‍ ഇതുപോലെ അമ്മൂമ്മ പോയ ശേഷം ഉണര്‍ന്ന്‌ തൊട്ടിലില്‍ കിടന്ന്‌ കരഞ്ഞ ഞാനെന്ന കുഞ്ഞിനെ എടുത്ത്‌ സമാധാനിപ്പിക്കാന്‍ ഞാറ്‌ നടുകയായിരുന്ന പണിക്കാരി ഓടിയെത്തി. എന്നാല്‍ കുരച്ച്‌കൊണ്ട്‌ തൊട്ടിലിന്‌ സമീപം നിന്ന റൂബി അവരെ അടുപ്പിച്ചില്ല. സ്വതവേ ശാന്തനായ ആ നായയുടെ രൗദ്രഭാവം ആദ്യമായാണ്‌ അവര്‍ കാണുന്നത്‌. ഞാന്‍ മുതിര്‍ന്ന ശേഷവും എന്നെ കാണുമ്പോള്‍ ഈ സംഭവം പറഞ്ഞ്‌ ആ പണിക്കാരത്തി എന്നെ നോക്കി പല്ലില്ലാത്ത മോണകാട്ടി ചിരിക്കുമായിരുന്നു. അന്ന്‌ കുഞ്ഞിനെ ഉറക്കിക്കിടത്തി നെഞ്ചിടിപ്പോടെ ധൃതിയില്‍ ചന്തയില്‍ പോയി വന്ന അമ്മയുടെ ആധി ഒരു അച്ഛനായപ്പോഴാണ്‌ എനിക്ക്‌ മനസിലായത്‌.

അതൊരു വലിയ വീടായിരുന്നു. വലുതെന്നാല്‍ വിസ്‌്‌തൃതി കൊണ്ടും മനസുകൊണ്ടും. അപ്പൂപ്പന്റെ ഉദാരമനസ്‌കത കൊണ്ട്‌ അടുത്തതും അകന്നതുമായ പല ബന്ധുക്കളുടെയും താവളമായിരുന്നു ആ വീട്‌. ഞാന്‍ മുതിര്‍ന്ന ശേഷവും കുറഞ്ഞത്‌ 25 പേരെങ്കിലും അവിടെ ഉണ്ടായിരുന്നു. ചെവിക്ക്‌ തകരാറുള്ള ഒരു അമ്മായി, അച്ഛന്റെ ഒരു സഹോദരി, അസാമാന്യ സൗന്ദര്യമുള്ള വൃദ്ധദമ്പതികള്‍..അങ്ങനെ പലര്‍ക്കും ആ വീട്‌ അഭയമായി.

കുട്ടികള്‍ക്ക്‌ ഭക്ഷണം നല്‍കാന്‍ നിവൃത്തിയില്ലാതിരുന്ന മാധവിയമ്മ അമ്മൂമ്മയുടെ സഹായത്താല്‍ അവരുടെ വിശപ്പടക്കി. പിന്നീട്‌ മാധവിയമ്മയുടെ മക്കള്‍ വളര്‍ന്ന്‌ പഠിച്ചും പഠിക്കാതെയും ഉയര്‍ന്ന നിലയിലെത്തിയ കഥ അമ്മൂമ്മ പറയുമായിരുന്നു.

ആ വീട്‌ അങ്ങനെയായതില്‍ അമ്മൂമ്മയുടെ പങ്ക്‌ വലുതായിരുന്നു. എങ്ങനെയാണ്‌ ഇത്രയും പേര്‍ക്ക്‌ ഭക്ഷണം ഉണ്ടാക്കി വിളമ്പിയതെന്ന്‌ എനിക്കറിയില്ല. അന്ന്‌ ഗൃഹജോലിക്ക്‌്‌ സഹായിക്കുന്ന യന്ത്രങ്ങളൊന്നുമില്ല. ഉരലും ഉലക്കയും അമ്മിക്കല്ലും സാധാരണ അടുപ്പും മാത്രം. കിണറില്‍ നിന്നും വെള്ളം കോരിക്കൊണ്ടു വരണം. ഉറികള്‍ തൂങ്ങിക്കിടക്കുന്ന ആ അടുക്കള ഒരു അത്ഭുതമായിരുന്നു. അവിടെ നിന്നും വിശപ്പടക്കിയവര്‍ ഒരിക്കലും മറക്കാത്ത അടുക്കള. പറമ്പില്‍ നിന്നുമെടുത്ത ചേമ്പില്‍ നിന്നും ഇലകളില്‍ നിന്നുമെല്ലാം അമ്മൂമ്മ രുചിയുടെ അത്ഭുതങ്ങള്‍ തീര്‍ത്തു. ആ അടുക്കളയും അടുപ്പും എന്തിന്‌ അറയും നിരയുമുണ്ടായിരുന്ന ആ വലിയ വീടുമെല്ലാം പുതിയ വീടിന്‌ വഴിമാറി. എങ്കിലും അമ്മൂമ്മയുണ്ടാക്കിയ വിഭവങ്ങളുടെ രുചി മരണം വരെയും നാവില്‍ നിന്നും മായില്ല. തകര്‍ക്കപ്പെടുന്നതിന്‌ മുമ്പ്‌ ആ അടുപ്പിന്റെ ചിത്രം ഞാന്‍ എടുത്ത്‌ സൂ്‌ക്ഷിച്ചു.

ഒരു പരാതിയുമില്ലാതെ അമ്മൂമ്മ ജീവിച്ചു. ഒളിവുജീവിതത്തിനിടയില്‍ സഖാക്കളോടൊപ്പം വിശന്നു വലഞ്ഞെത്തിയ അപ്പൂപ്പന്‌ ഭക്ഷണം ഉണ്ടാക്കി വിളമ്പി വച്ചപ്പോഴേക്കും പൊലീസ്‌ എത്തിക്കഴിഞ്ഞ കഥ എത്രയോ തവണ അമ്മൂമ്മയെ കൊണ്ട്‌ ഞാന്‍ പറയിച്ചിട്ടുണ്ട്‌. ഊണ്‌ കഴിഞ്ഞാലുടന്‍ കൂടെ വരാമെന്ന്‌ പറഞ്ഞ്‌ അപ്പൂപ്പനും കെ. വി. സുരേന്ദ്രനാഥും കാട്ടായിക്കോണം സദാനന്ദനും പിന്നെ പൊലീസിനെ വെട്ടിച്ചു കടന്നതുമെല്ലാം പറയുമ്പോഴേക്കും അമ്മൂമ്മയുടെ കണ്ണ്‌ നിറയുമായിരുന്നു.

ഒളിവ്‌ ജീവിതം തീര്‍ന്ന ശേഷവും അപ്പുപ്പനോടൊ്‌പ്പം വിശന്നെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ ഭക്ഷണം വിളമ്പുന്ന നല്ലൊരു അമ്മയായിരുന്നു അമ്മൂമ്മ. മക്കള്‍ വലുതായ ശേഷം അമ്മൂമ്മയുടെ ജീവിതം അപ്പൂപ്പന്‌ ചുറ്റുമായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്‌ ശേഷം എത്തുന്ന ഭര്‍ത്താവിനെ പാതിരാവോളം ഒരു മടിയും പരാതിയുമില്ലാതെ അമ്മൂമ്മ കാത്തിരുന്നു. വൈകിയെത്തുന്ന പലഹാരത്തിന്റെ ഓര്‍മ്മയില്‍ ഇരുട്ടത്ത്‌ അപ്പൂപ്പന്റെ ബീഡി കത്തുന്ന വെളിച്ചവും നോക്കി ഞാനും അത്താഴ ശേഷം അപ്പൂപ്പന്‍ നല്‍കുന്ന ഉരുള കൊതിച്ച്‌ റൂബിയും കാത്തിരിന്നു.

സ്‌ത്രീ പൂര്‍ണയാകുന്നത്‌ അമ്മയാകുമ്പോഴാണ്‌ എന്നാണ്‌ പറയുക. എന്നാല്‍ അമ്മയുടെ പൂര്‍ണത അമ്മൂമ്മയാകുമ്പോഴല്ലേ എന്ന്‌ തോന്നിയിട്ടുണ്ട്‌. മക്കള്‍ക്ക്‌ കൊടുക്കാന്‍ കഴിയാത്ത സ്‌നേഹവും വാത്സല്യവും ഇരട്ടിയോടെ പേരക്കുട്ടികള്‍ക്ക്‌ നല്‍കുമ്പോഴാവും ഒരിക്കല്‍ അമ്മയും അച്ഛനുമായിരുന്നവര്‍ പൂര്‍ണ സംതൃപ്‌തരാവുക. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന്‌ അപ്പൂപ്പന്‍ ഏറെ നിര്‍ബന്ധിച്ചിട്ടും കൂടെ പോകാത്ത അമ്മൂമ്മ എന്നോടുള്ള വാത്സല്യവും സ്‌നേഹവും കൊണ്ട്‌ മാത്രമാകും എന്നെ കാണാന്‍ അച്ഛന്റെ ഉത്തരേന്ത്യയിലെ ജോലി സ്ഥലത്ത്‌ വന്നത്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.



എന്റെ ഓര്‍മ്മയില്‍ കറ്റ മെതിക്കുന്ന അമ്മൂമ്മയുടെ ചിത്രമുണ്ട്‌, ഓണക്കാലമായി എന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ മുറ്റം ചാണകം മെഴുകി വെടിപ്പാക്കുന്ന അമ്മൂമ്മയുടെ ചിത്രമുണ്ട്‌. ദീനക്കാരനായിരുന്ന രണ്ടോ മൂന്നോ വയസുള്ള എന്നെ ചുമന്ന്‌ മെഡിക്കല്‍ കോളേജിന്‌ മുന്നിലൂടെ വെയിലത്ത്‌ നടക്കുന്ന അമ്മൂമ്മയുടെ ദൃശ്യമുണ്ട്‌. കുഞ്ഞമ്മയുടെയും മാമന്‍മാരുടെയും കുഞ്ഞുങ്ങളെ പാളയില്‍ കിടത്തി കുളിപ്പിച്ചിരുന്ന അമ്മൂമ്മയുടെ കൈത്തഴക്കം എന്റെ അമ്മയ്‌ക്കും കിട്ടിയിട്ടില്ല. അടുത്ത കാലത്ത്‌ ഐ സി യു വില്‍ കിടന്ന അമ്മൂമ്മയുടെ ദൃശ്യം എന്തുകൊണ്ടോ ഞാന്‍ ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇപ്പോള്‍ വാര്‍ധക്യത്തിന്റെ പീഡകള്‍ അമ്മൂമ്മയെ തളര്‍ത്തുന്നുണ്ട്‌.

27 വര്‍ഷം മുമ്പ്‌ അപ്പൂപ്പന്റെ മരണമാണ്‌ അമ്മൂമ്മയെ ശാരീരികമായും മാനസികമായും തളര്‍ത്തിയതെന്ന്‌ ഞാന്‍ കരുതുന്നു. അത്‌ വരെ ആ വലിയ മനുഷ്യന്‌ വേണ്ടി ആ നിഴലില്‍ കഴിയുന്നതായിരുന്നു അമ്മൂമ്മയുടെ ജീവിതം. അപ്പൂപ്പന്റെ ചിതയെരിയുമ്പോള്‍ അതിന്‌ അടുത്ത്‌ നിന്നും മാറാതെ നിന്ന റൂബി പിന്നെ അധികനാള്‍ ജീവിച്ചില്ല.

അമ്മൂമ്മയ്‌ക്ക്‌ ജീവിച്ചേ മതിയാകുമായിരുന്നുള്ള. പിന്നെയും തലമുറകളുടെ നെറുകയില്‍ തലോടാന്‍ ഇങ്ങനെ ഒരു അമ്മ വേണമെന്ന്‌ കാലത്തിന്‌ തോന്നിയിരിക്കാം. എന്റെ മകള്‍ക്ക്‌ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹവും ഭാഗ്യവും അവളുടെ അച്ഛന്റെ ജീവന്‍ നിലനിര്‍ത്തിയ മുത്തശ്ശിയെ കാണാനും അവരുടെ വാത്സല്യം അനുഭവിക്കാനും കഴിഞ്ഞതാണെന്ന്‌ ഞാന്‍ കരുതുന്നു. നാളെ അവളും ഇങ്ങനെ ഒരു മുത്തശ്ശിയാകേണ്ടതാണ്‌. തലമുറകളില്‍ നിന്നും തലമുറകളിലേക്ക്‌ കടന്നുപോകുന്ന കരുതലിന്റെയും വാത്സല്യത്തിന്റെയും വൈദ്യുതപ്രവാഹമല്ലേ സത്രീ?




Wednesday, September 5, 2012




അങ്ങനെ ഒരു തേങ്ങാക്കാലത്ത്‌...





ഉണരാന്‍ മടിച്ചുകിടക്കുന്ന ഒരു അവധിദിവസത്തില്‍ മുകളില്‍ ഓല പൊളിച്ചു മാറ്റുന്ന ശബ്‌ദവും വെയിലും കേട്ടും കണ്ടും ഞെട്ടിയുണരുന്നു. ചുറ്റും നോക്കുമ്പോള്‍ ഞാന്‍ കിടന്നിരുന്ന പായയും തലയണയും പുതപ്പുമല്ലാതെ മുറിയില്‍ മറ്റൊന്നുമില്ല. മുറിയുടെ മുകളില്‍ കഴുക്കോലില്‍ കയറി ഓല പൊളിക്കുന്ന പണിക്കാരന്റെ ദൃശ്യം കണ്ട്‌ ഒടുവില്‍ ഞാന്‍ `റിയലൈസ്‌' ചെയ്യും- ഇന്ന്‌ ഓലകെട്ട്‌.

ആറുമാസത്തില്‍ ഒരിക്കല്‍ നടക്കന്ന പുരമേയല്‍ അഥവാ ഓലകെട്ട്‌ കുട്ടിക്കാലത്തെ പറ്റിയുള്ള എന്റെ ഓര്‍മ്മകളില്‍ ഓലപ്പൊളിയടരാതെ ബാക്കി നില്‍ക്കുന്നു. സ്വതവേ മടിയനായ ഞാന്‍ കണ്ണുതിരുമ്മി മുറ്റത്തെത്തുമ്പോഴേക്കും വീടും മുറ്റവുമെല്ലാം ഓലമേയലുകാര്‍ കൈയടക്കിയിട്ടുണ്ടാവും. മുറ്റവും കടന്ന്‌ തെക്ക്‌ വശത്തെ മാവിന്റെ ചുവട്ടില്‍ ബാക്കിയുള്ളവരെല്ലാം തമ്പടിച്ചു കഴിയും. അടുപ്പ്‌ കൂട്ടിയും സ്റ്റൗ കത്തിച്ചും ആഹാരം പാകം ചെയ്യാനുള്ള പരിപാടികളും തുടങ്ങിക്കഴിഞ്ഞിരിക്കും. വൈകുന്നേരം ഓലകെട്ടി തീരും വരെ ആകാശത്തിന്‌ കീഴില്‍ ഭക്ഷണം കഴിച്ചും ഉറങ്ങിയും തമാശ പറഞ്ഞും ഞങ്ങള്‍ അന്ന്‌ ഓലകെട്ടല്‍ ആഘോഷിച്ചു പോന്നു. ഓരോ തവണ ഓല കെട്ടുമ്പോഴും വീട്ടുകാര്‍ തീരുമാനിക്കും അടുത്ത തവണ ഓട്‌ മേയുമെന്ന്‌. പഴയ വീടിനെ തൊടാന്‍ മടിച്ച്‌ അതങ്ങനെ നീണ്ടു നീണ്ടു പോയി. പക്ഷേ ഒടുവില്‍ ഓല ഓടിന്‌ വഴിമാറുകയും പലതും പോലെ ഓലകെട്ടലും മുതിര്‍ന്ന ശേഷം ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള ഒന്നായി മാറുകയും ചെയ്‌തു.

തെങ്ങുമായി ബന്ധപ്പെട്ട എന്റെ ഓര്‍മ്മകളില്‍ ആദ്യത്തേത്‌ ആയിരിക്കും ഈ ഓലകെട്ടല്‍. അതിന്‌ മുമ്പ്‌ ഓലകൊണ്ടുള്ള പന്തും പാമ്പും കളിക്കാനായി മുതിര്‍ന്നവര്‍ ഉണ്ടാക്കി തന്നിരുന്നുവെങ്കിലും, ഉറക്കമുണരുമ്പോള്‍ മേല്‍ക്കൂര പൊളിയുന്ന അപനിര്‍മ്മാണ ഓര്‍മ്മയായിരുക്കുമല്ലോ കൂടുതല്‍ പച്ചപിടിച്ചോ ഉണങ്ങിയോ ഒക്കെ കിടക്കുക. അപ്പച്ചിയുടെ വീട്ടില്‍ നിന്നും മഴയുടെ ഈറനുള്ള ഒരു രാവിലെ സ്വന്തം വീട്ടിലേക്ക്‌ അമ്മയുടെയും സഹോദരങ്ങളുടെയും ഒപ്പം നടന്നു വന്നപ്പോള്‍ രണ്ട്‌ മൂന്ന്‌ തവണ ഒറ്റ തെങ്ങിന്‍ തടിയുള്ള പാലം കടന്ന ഓര്‍മ്മകളുണ്ട്‌. ഇപ്പം വീഴും വീഴും എന്ന പേടിയോടെയാണ്‌ പല തവണയും നടന്നതെങ്കിലും തെങ്ങിന്‍ പാലത്തില്‍ നിന്നും ഇതുവരെ വീണിട്ടില്ല.

മെലിഞ്ഞ ഭാഗ്യമുത്തും കറുത്തു തടിച്ച ശാരദയും അമ്മുവും ഓലമെടയാനിരിക്കുമ്പോള്‍ അവര്‍ക്ക്‌ ഉച്ചഭക്ഷണം കൊണ്ടു കൊടുക്കേണ്ട ജോലി എനിക്കായിരുന്നു. പഴങ്കഞ്ഞിയോ മരച്ചീനിയോ എന്തെങ്കിലുമാവും അത്‌. തെങ്ങുകളുടെ നിഴല്‍ വീണ തണുത്ത വഴിയിലൂടെ തിരികെ വരുമ്പോള്‍ `കൊച്ചേ പെട്ടെന്ന്‌ വീട്ടീപ്പോ' എന്ന്‌ ഓലമെടയുന്ന പെണ്ണുങ്ങള്‍ ആരെങ്കിലും പറയുന്നത്‌ വരെ നീര്‍ക്കോലികളെയും മാനത്ത്‌ കണ്ണികളെയും നോക്കി കുളത്തിന്റെ കരയില്‍ കാത്ത്‌ നില്‍ക്കും.

ഓരോ പുരയിടത്തില്‍ നില്‍ക്കുന്ന തെങ്ങിനും ഓരോ പേരുണ്ട്‌. നെടുവരിയന്‍ എന്ന പേര്‌ മാത്രം ഓര്‍മ്മയുണ്ട്‌. നല്ല നീളമുള്ള തേങ്ങയാണ്‌ ഇതിന്‌. വയല്‍ നികത്തി ചാല്‌ കോരിയതിന്റെ കരയില്‍ നില്‍ക്കുന്ന അഞ്ച്‌ തെങ്ങുകളുടെ കരിക്കിനാണ്‌ സ്വാദ്‌ കൂടുതല്‍. വളരെക്കാലം കേസ്‌ നടത്തിയാണ്‌ ഈ പുരയിടം ഞങ്ങള്‍ക്ക്‌ കിട്ടിയത്‌. അതിന്റെ കരിക്കിനായി മാത്രം കേസ്‌ നടത്തിയാലും നഷ്ടമില്ല.

ഓര്‍മ്മയിലെ ആദ്യ തേങ്ങവെട്ടുകാരന്‍ ശ്രീധരന്‍ പണിക്കരാണ്‌. വടക്കോട്ട്‌ പണിക്കന്‍മാര്‍ കവിടി നിരത്തി ആകാശത്തേക്ക്‌ നോക്കി നാവിന്റെ മൂര്‍ച്ച കൊണ്ട്‌ ജീവിച്ചു. ആലൂര്‍ ഉണ്ണിപ്പണിക്കര്‍ ഉദാഹരണം. തെങ്ങുകയറ്റക്കാരന്‍ പണിക്കര്‍ ആകാശത്തേക്ക്‌ ഉയര്‍ന്ന്‌ നില്‍ക്കുന്ന തെങ്ങില്‍ മുളയേണി ചാരി കയറി വെട്ടുകത്തിയുടെ മൂര്‍ച്ച കൊണ്ട്‌ ജീവിച്ചു.

തെക്കുള്ളവര്‍ തെങ്ങില്‍ കയറുന്നവരെ തണ്ടാന്‍ എന്നും വിളിക്കുമായിരുന്നെങ്കിലും ഞങ്ങളുടെ തണ്ടാന്‍ പണിക്കരായിരുന്നു. ഓരോ ദേശത്തും ജാതിപ്പേരും കുലത്തൊഴിലുമെല്ലാം നേര്‍ത്തും കനത്തും വ്യതാസപ്പെട്ടിരുന്നുവല്ലോ.

ഇന്ന്‌ ജിമ്മില്‍ പോയി ആറും എട്ടും മടക്കുകളുള്ള വയറും മസിലുമായി വരുന്ന പയ്യന്‍മാരെ നാണിപ്പിക്കുന്ന ബോഡിയായിരുന്നു പണിക്കരുടേത്‌. പണിക്കിടെ ശകുന്തളയുടെയോ സാവിത്രിയുടെയോ വീട്ടില്‍ പോയി വാറ്റുചാരായം കുടിച്ചു വന്നാല്‍ പണിക്കര്‍ക്ക്‌ ഞങ്ങള്‍ കുട്ടികളോട്‌ സ്‌നേഹം കൂടും. അത്‌ നല്ല കരിക്കിന്റെയും പാട്ടിന്റെയും രൂപത്തില്‍ ഞങ്ങള്‍ക്ക്‌ കിട്ടി. ഇത്തരം സ്‌പിരിറ്റ്‌ ബ്രേക്കുകള്‍ കാരണം തേങ്ങവെട്ട്‌ മഹാമഹം സന്ധ്യവരെ നീണ്ടു. പിന്നെ പണിക്കര്‍ക്ക്‌ വയസായി തുടങ്ങി. ഇഴഞ്ഞിഴഞ്ഞുള്ള തേങ്ങ വെട്ടില്‍ ദിവസം മുഴുവന്‍ പാഴായി. പണിക്കര്‍ക്ക്‌ വയ്യാതായി. എങ്കിലും പണിക്കര്‍ വീണ്ടും വീണ്ടും വന്നു. ഒടുവില്‍ സഹികെട്ട്‌ നിര്‍ബന്ധിച്ച്‌ പണിക്കരുടെ പണി മതിയാക്കിച്ചു.

ഏറ്റവും ഒടുവില്‍ പണിക്കരെ കണ്ടത്‌ അയാള്‍ മകളുടെ കല്യാണം ക്ഷണിക്കാന്‍ വീട്ടില്‍ വന്നപ്പോഴാണ്‌. പിന്നീട്‌ എപ്പോഴോ പണിക്കരുടെ മരണവാര്‍ത്തയും കേട്ടു. കറുത്ത ബലിഷ്‌ഠ ശരീരവും കൊതുമ്പിന്റെയും ചൂട്ടിന്റെയും പൊടിയും വിയര്‍പ്പും ബീഡിപ്പുകയും കലര്‍ന്ന ഗന്ധവും മാത്രം ഓര്‍മ്മയില്‍ ബാക്കിയായി.

പിന്നെ തെങ്ങുകയറ്റക്കാരനായി വന്നത്‌ ഭുവനചന്ദ്രന്‍ എന്ന ചെറുപ്പക്കാരനാണ്‌. ജാതിസമവാക്യങ്ങള്‍ തകര്‍ക്കുക എന്ന്‌ പറയുന്നത്‌പോലെ തണ്ടാനും പണിക്കനുമല്ലാത്ത നായരായിരുന്നു ഭുവനചന്ദ്രന്‍. മറ്റ്‌ ഭുവനചന്ദ്രന്‍മാരെ പോലെ അച്ഛനും അമ്മയും ഇട്ട ഐശ്വര്യമുള്ള പേരില്‍ അറിയപ്പെടാന്‍ ഇയാള്‍ക്കും ഭാഗ്യമുണ്ടായില്ല. ആളുകള്‍ സ്‌നേഹത്തോടെ ഭുവനാ എന്നും പിന്നീടത്‌ ലോപിച്ച്‌ ``പൂനാ..'' എന്നും നീട്ടി വിളിക്കാന്‍ തുടങ്ങി

വളരെ കുറച്ചുകാലമേ പൂനന്‍ തെങ്ങുകയറ്റക്കാരനായിരുന്നുള്ളു. ജോലി മടുത്തത്‌ കൊണ്ടോ മകളെ കെട്ടിക്കുക തുടങ്ങിയ ബാധ്യതകള്‍ തീര്‍ത്തതുകൊണ്ടോ പൂനന്‍ പണി മതിയാക്കി. പൂനന്റെ അന്ത്യാഭിലാഷം ഭുവനചന്ദ്രാ എന്ന്‌ ആരെങ്കിലും സ്‌നേഹത്തോടെ വിളിക്കണമെന്നതാവും.

വീണ്ടും വന്നു തണ്ടാനായി ഒരു നായര്‌. പേര്‌ ശശി. തണ്ടാന്‍മാരും പണിക്കന്‍മാരും മാര്‍ബിള്‍ പണിക്കും ഗള്‍ഫിലുമെല്ലാം പോയപ്പോള്‍ കാശില്ലാതെ നായര്‍ ശശിയായതാവും. പക്ഷേ ശശി അറിയപ്പെട്ടതും മറ്റൊരു പേരിലാണ്‌. ആള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്‌ കൊണ്ട്‌ ആ പേര്‌ എഴുതുന്നില്ല. അപ്പോഴേക്കും തെങ്ങുകയറ്റത്തൊഴിലാളികള്‍ അന്യം നിന്ന്‌ തുടങ്ങിയിരുന്നു. അതുകൊണ്ട്‌ തന്നെ ശശിക്ക്‌ നല്ല ഡിമാന്റായിരുന്നു. ഇടവത്തിലും കര്‍ക്കടകത്തിലും തുലാം മാസത്തിലും മറ്റും മഴയൊന്ന്‌ മാറി വെയില്‍ വരുന്ന ദിവസം നോക്കി അത്യാവശ്യപ്പെട്ട്‌ ശശിയെ വിളിച്ചവരെ ശശി പറ്റിച്ചുകൊണ്ടേയിരുന്നു. വിളിച്ചവര്‍ ശരിക്കും ശശിമാരായി.

പുരയിടത്തില്‍ വന്ന്‌ തന്നെ തേങ്ങ ശേഖരിച്ചുകൊണ്ടുപോകുന്നവരായിരുന്നു തേങ്ങ ഇക്കോണമിയുടെ പ്രധാന ഭാഗം. തമിഴ്‌ വേരുകളുള്ള ചെട്ടിയാര്‍മാരായിരുന്നു ഇവര്‍. ഓര്‍മ്മയിലെ ആദ്യത്തെ ചെട്ടിയാര്‍ പത്മനാഭന്‍ ചെട്ടിയാരാണ്‌. പപ്പനാവന്‍ ചെട്ടിയാര്‍ എന്ന്‌ അടുപ്പമുള്ളവരും ഇല്ലാത്തവരും വിളിച്ചു. പത്മരാജന്റെ പെരുവഴിയമ്പലം എന്ന ചിത്രത്തില്‍ കാണുന്ന ചക്ക്‌ ഞാനാദ്യമായി കാണുന്നത്‌ പപ്പനാവന്‍ ചെട്ടിയാരുടെ വീട്ടിലാണ്‌. പെരുവഴിയമ്പലത്തില്‍ ചെട്ടിയാന്‍മാരെ വാണിയന്‍മാര്‍ എന്നാണ്‌ പറയുന്നത്‌.

പപ്പനാവന്‍ ചെട്ടിയാരുടെ ഭാര്യയുടെ പേര്‌ ഓര്‍മ്മയില്ല. അവര്‍ മരച്ചക്ക്‌ തിരിക്കുന്നതും ചന്തയില്‍ ഉണക്കമീന്‍ വില്‍ക്കാനിരിക്കുന്നതും ഓര്‍മ്മയിലുണ്ട്‌. ചന്ത പിരിഞ്ഞ ശേഷം അത്യാവശ്യം ഉണക്കമീന്‍ വാങ്ങാന്‍ അവരുടെ വീട്ടില്‍ എന്നെ പറഞ്ഞുവിടാറുണ്ടായിരുന്നു. ചെട്ടിയാര്‍ക്ക്‌ നാല്‌ ആണ്‍മക്കളായിരുന്നു. നാലില്‍ ഒരാള്‍ മാത്രമേ കുലത്തൊഴില്‍ തിരഞ്ഞെടുത്തുള്ളു. ഉപ്പനെ പോലെ ചുവന്ന കണ്ണും വെറ്റിലക്കറയുള്ള തടിച്ച ചുണ്ടുമുള്ള രാജേന്ദ്രന്‍ ചെട്ടിയാരായിരുന്നു അത്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന രാജേന്ദ്രന്‍ എല്ലാ വര്‍ഷവും മീനമാസത്തില്‍ ദേശത്തെ ചെട്ടിയാര്‍മാരുടെ കുടുംബക്ഷേത്രമായ ഇശക്കിയമ്മന്‍ കോവിലില്‍ തുള്ളിയുറഞ്ഞു. വേപ്പും മഞ്ഞളും ചേര്‍ന്ന വെള്ളം ഈറനാക്കിയ ശരീരത്തില്‍ ആരോടോ ദേഷ്യമുള്ളതുപോലെ ചാട്ടവാര്‍ കൊണ്ട്‌ ആഞ്ഞടിച്ചു. വളരെ കാലം ഞങ്ങളുടെ തേങ്ങ മൊത്തവിലയ്‌ക്ക്‌ എടുത്തത്‌ രാജേന്ദ്രനായിരുന്നു. ക്രമേണ രാജേന്ദ്രന്‍ കാശ്‌ നല്‍കുന്നതില്‍ മുടക്കം വരുത്താന്‍ തുടങ്ങി. തേങ്ങയെടുക്കാന്‍ വരുമ്പോള്‍ തികഞ്ഞ ശാന്തനും തേങ്ങയുടെ കാശ്‌ ചോദിക്കുമ്പോള്‍ തികഞ്ഞ മദ്യപാനിയുമായി രാജേന്ദ്രന്‍. തേങ്ങ വെട്ടി രണ്ട്‌ ഒഴിവ്‌ കഴിഞ്ഞിട്ടും പൈസ കിട്ടാത്ത സംഭവമുണ്ടായി. (ഒരൊഴിവ്‌ 45 ദിവസമാണ്‌, പൂക്കുല വിരിഞ്ഞ്‌ കരിക്കായി തേങ്ങ വിളയാന്‍ എടുക്കുന്ന സമയം).

പിന്നെയും പിന്നെയും രാജേന്ദ്രന്‍ തേങ്ങ എടുത്തു. എന്നാല്‍ കാശ്‌ കൃത്യമായി തന്നില്ല. തരുന്നത്‌ തന്നെ വിപണി വിലയില്‍ താഴെ. കാശ്‌ ചോദിക്കാന്‍ ചെല്ലുമ്പോള്‍ മദ്യലഹരിയില്‍. പപ്പനാവന്‍ ചെട്ടിയാരുടെ മകന്‍ എന്ന പരിഗണന പട്ടച്ചാരായത്തില്‍ അലിഞ്ഞ്‌ ആവിയായി. തേങ്ങയുടെ കാശ്‌ തരാത്തതിന്റെ കാരണം ബോധിപ്പിക്കാന്‍ മദ്യപിച്ച്‌ വീട്ടില്‍ വന്നത്‌ രാജേന്ദ്രനെ ഒഴിവാക്കാനുള്ള ഒരു കാരണം കൂടിയായി. ചന്തയില്‍ കൊണ്ടുപോയി വിറ്റാലും വേണ്ടില്ല, രാജേന്ദ്രന്‌ തേങ്ങയില്ല. അമ്മയും അമ്മൂമ്മയും ഉറച്ച തീരുമാനമെടുത്തു. ഈ ദേഷ്യത്തിന്‌ ആ വര്‍ഷത്തെ ഇശക്കിയമ്മന്‍ കൊടയ്‌ക്ക്‌ ചാട്ടവാറടിയുടെ എണ്ണം കൂടുമെന്ന്‌ ഞാന്‍ ഊഹിച്ചു. രാജേന്ദ്രനെ ഇശക്കിയമ്മന്‍ ആവേശിക്കുന്ന ഉത്സവരാത്രിയില്‍ ആ പ്രദേശത്തേക്ക്‌ പോലും ഞാന്‍ പോയില്ല. ആള്‍ക്കൂട്ടത്തിനിടയ്‌ക്ക്‌ എന്നെ തിരിച്ചറിഞ്ഞ്‌ തേങ്ങാനഷ്ടത്തിന്റെ കണക്ക്‌ ചാട്ടവാര്‍ കൊണ്ട്‌ എന്റെ ദേഹത്ത്‌ തീര്‍ത്താലോ? പക്ഷേ ഒന്നും സംഭവിച്ചില്ല. ഇശക്കിയമ്മന്‍ തുണൈ.

ആ വര്‍ഷത്തെ ഉത്സവത്തിനും മഞ്ഞള്‍ തൊട്ട നോട്ടീസുമായി മടിച്ചുമടിച്ചാണെങ്കിലും രാജേന്ദ്രന്‍ ചെട്ടിയാര്‍ വീട്ടില്‍ പിരിവിന്‌ വന്നു. മടിക്കാതെ അമ്മ പണം കൊടുത്തു. ബിസിനസ്‌ വേറെ ദൈവം വേറെ എന്ന പാഠം എന്നെ പഠിപ്പിച്ച സംഭവം. പിന്നൊരിക്കല്‍ പാര്‍ട്ടി പിരിവിനും രാജേന്ദ്രന്‍ വന്നു. അമ്മ അന്നും പിരിവ്‌ കൊടുത്തു. ബിസിനസ്‌ വേറെ പാര്‍ട്ടി വേറെ.

പപ്പനാവന്‍ ചെട്ടിയാരുടെ മറ്റ്‌ മക്കള്‍ കുലത്തൊഴിലിലേക്ക്‌ ഇറങ്ങിയില്ല. കറുമ്പന്‍ ചെട്ടിയാര്‍ എന്ന്‌ ഇടം പേരുള്ള ഒരാള്‍ (യഥാര്‍ത്ഥ പേര്‌ അറിയാത്തത്‌ കൊണ്ടാണ്‌ ഇങ്ങനെ എഴുതുന്നത്‌, ക്ഷമിക്കുക) ഗള്‍ഫില്‍ പോയി. മടങ്ങി വന്നപ്പോഴും പേരിനും നിറത്തിനും മാറ്റമുണ്ടായില്ല. ജയന്‍ ചെട്ടിയാര്‍ എന്ന മറ്റൊരു മകന്‍ (ഇദ്ദേഹത്തിനും ഇടം പേരുണ്ട്‌) തയ്യല്‍ക്കാരനായി. റെഡിമേഡ്‌ ഷര്‍ട്ടുകള്‍ വന്നപ്പോള്‍ ചിട്ടിക്കാരനായി. കെ എസ്‌ എഫ്‌ ഇയും സഹകരണ ബാങ്കുകളും വന്നപ്പോള്‍ വേറെ എന്തൊക്കെയോ ബിസിനസ്‌ നടത്തി. ഇടക്കാലത്ത്‌ തേങ്ങ എടുക്കുന്ന കുലത്തൊഴിലും നടത്തി നോക്കി എന്നാണ്‌ ഓര്‍മ്മ.

ചെട്ടിയാന്‍മാര്‍ തേങ്ങ എടുക്കാതാകുമ്പോള്‍ നായന്‍മാരുടെ തേങ്ങകള്‍ തട്ടിന്‍പുറത്ത്‌ കിടന്ന്‌ ഉണങ്ങിപ്പോകുമെന്നും അങ്ങനെ കേരളത്തിന്റെ തേങ്ങാ ഇക്കോണമി തകര്‍ന്നു തരിപ്പണമാകുമെന്നും നാട്ടുചായക്കടയില്‍ ഇരുന്ന്‌ പറഞ്ഞ നാടന്‍ ഇക്കോണമിസ്റ്റുകള്‍ക്ക്‌ തെറ്റി. നായന്‍മാര്‍ തന്നെ തേങ്ങ വിലയ്‌ക്കെടുത്ത്‌ കൊപ്രയാക്കി ജീവിക്കാന്‍ തുടങ്ങി.

അങ്ങനെയാണ്‌ തങ്കു അണ്ണന്‍ എന്നയാള്‍ ഞങ്ങളില്‍ നിന്നും തേങ്ങ എടുക്കാന്‍ തുടങ്ങുന്നത്‌. ``ഞാന്‍ തങ്കു ചെട്ടിയാരുടെ വീട്ടില്‍ പോയി തേങ്ങയുടെ കാശ്‌ വാങ്ങി വരാം'', (അപ്പോഴേക്കും തേങ്ങയുടെ കാശ്‌ വാങ്ങുന്ന ചുമതല ഇളയ മാമനില്‍ നിന്നും എനിക്കായിരുന്നു) എന്ന്‌ അമ്മയോട്‌ പറഞ്ഞപ്പോള്‍. ``അയാള്‍ കേള്‍ക്കണ്ട, തങ്കു ചെട്ടിയാരല്ല. നായരാണെടാ'' എന്ന്‌ അമ്മ പറഞ്ഞപ്പോള്‍ എനിക്ക്‌ വെളിപാടുണ്ടായി. നായന്‍മാര്‍ എടുത്താലും തേങ്ങ പൊങ്ങും.

തങ്കു അണ്ണന്‌ ഏറ്റവും വെറുപ്പ്‌ ഷര്‍ട്ടിടുന്നതിലാണ്‌. ``ഉടുപ്പ്‌ ഇടുമ്പോള്‍ ഒരുമാതിരി പെടച്ചിലാണ്‌ അപ്പീ''. ഇതേ പറ്റി ചോദിച്ചപ്പോള്‍ എന്നോട്‌ പറഞ്ഞു. വൈകുന്നേരം കവലയില്‍ കയറുമ്പോഴാണ്‌ ഉടുപ്പിട്ട തങ്കു അണ്ണനെ കാണാന്‍ സാധിക്കുക. അതും ആദ്യത്തെ മൂന്ന്‌ ബട്ടണുകള്‍ അഴിച്ചിട്ടിരിക്കും. തേമല്‍ പാടുകള്‍ ഉള്ള മെലിഞ്ഞ ദേഹം പ്രദര്‍ശിപ്പിച്ച്‌ തങ്കു അണ്ണന്‍ തേങ്ങ എടുത്തും ചുമന്നും കൊപ്രയാക്കിയും കുടുംബം പോറ്റി. മകളെ ബാംഗ്ലൂരില്‍ അയച്ച്‌ നഴ്‌സിംഗ്‌ പഠിപ്പിച്ചു. ഒമ്പതാം ക്ലാസ്‌കാരനായ മകന്‍ എസ്‌ എഫ്‌ ഐയുടെ യോഗത്തില്‍ പ്രസംഗിക്കുന്നത്‌ കണ്ട തങ്കു അണ്ണന്‍ തകര്‍ന്നുപോയി. അവന്‍ പത്താം തരം കടക്കില്ലെന്ന്‌ ഉറപ്പിച്ചു. അങ്ങനെ അവനെ ടൂ വീലര്‍ വര്‍ക്ക്‌ ഷോപ്പില്‍ കൊണ്ടാക്കി. അവന്‍ അവിടെ നിന്നും പഠിച്ച്‌ മിടുക്കനായി കാര്‍ മെക്കാനിക്കായി.

വിശാലമായ വയലിന്റെ കരയിലുള്ള തങ്കു അണ്ണന്റെ വീട്ടില്‍ തേങ്ങയുടെ പണം വാങ്ങാന്‍ പോകാന്‍ എനിക്കിഷ്ടമായിരുന്നു. ``കൊപ്രയുടെ കാശ്‌ വാങ്ങാന്‍ പോയിരിക്കുകയാണ്‌, ഇപ്പോള്‍ വരും. കൊച്ച്‌ ഇവിടെ ഇരിക്ക്‌'' എന്ന്‌ പറഞ്ഞ്‌ സ്‌നേഹത്തോടെ തങ്കു അണ്ണന്റെ വീട്ടുകാരി എനിക്ക്‌ ചായ ഇട്ടുതരും. അത്‌ അവര്‍ക്ക്‌ ഒരു മകള്‍ ഉള്ളതുകൊണ്ടാണെന്ന്‌ പറഞ്ഞ്‌ അമ്മ എന്നെ കളിയാക്കി.

ഞാന്‍ ചായ കുടിച്ച്‌ തീരുമ്പോഴേക്കും എവിടെ നിന്നെന്നോ എന്ന പോലെ തങ്കു അണ്ണന്‍ ഓടിക്കിതച്ചെത്തും. ``മില്ലുകാരന്‍ പറ്റിച്ചു. കടം വാങ്ങിക്കൊണ്ടാണ്‌ വന്നത്‌'' എന്ന മുഖവുരയോടെ എന്നെ കാശും കണക്കും ഏല്‍പ്പിക്കും. മകളെ കെട്ടിച്ചതോടെ തേങ്ങ എടുക്കുന്ന കച്ചവടവും തങ്കു അണ്ണന്‍ നിര്‍ത്തി.

രാജേന്ദ്രന്‍ ചെട്ടിയാരുടെയും തങ്കു അണ്ണന്റെയും ഗ്യാപ്പില്‍ ഒരു ചെട്ടിയാര്‍ തേങ്ങ എടുക്കാന്‍ വന്നിരുന്നു. പേര്‌ ഓര്‍ക്കുന്നില്ല. കുലത്തൊഴില്‍ ഉപേക്ഷിച്ച്‌ ഗള്‍ഫില്‍ പോയി മടങ്ങി വന്ന ചെട്ടിയാരായിരുന്നു അത്‌. ഏത്‌ നിമിഷവും താന്‍ ഗള്‍ഫിലേക്ക്‌ മടങ്ങിപ്പോകും എന്ന്‌ തോന്നിപ്പിക്കാനാകും സണ്‍ ഗ്ലാസ്‌ വച്ചായിരുന്നു അയാള്‍ തേങ്ങ എടുക്കാന്‍ വന്നിരുന്നത്‌.

തങ്കു അണ്ണന്റെ വീട്ടില്‍ നിന്നും അകലെയല്ലാതെ വയലിന്റെ കരയില്‍ തന്നെയായിരുന്നു സണ്‍ഗ്ലാസ്‌ ചെട്ടിയാരുടെയും വീട്‌. മരയഴി അടിച്ച വീടിന്‌ മുന്നില്‍ ആദ്യമായി കാശ്‌ വാങ്ങാന്‍ ചെന്നപ്പോള്‍ കണ്ണില്‍ പെട്ടത്‌ ചുവരില്‍ ചില്ലിട്ടു വച്ചിരിക്കുന്ന തിരുവള്ളുവര്‍ കവിതയാണ്‌.

` അന്‍പാകെ പേശു
ചിന്തിച്ച്‌ പേശു
സഭയറിഞ്ഞ്‌ പേശു
സമയമറിഞ്ഞ്‌ പേശു....'

ഇതാണ്‌ പ്രസിദ്ധമായ കവിതയുടെ സാരം. അതിന്‌ അടുത്ത്‌ തന്നെ ചെട്ടിയാരുടെ സണ്‍ഗ്ലാസ്‌ വച്ചും വയ്‌ക്കാതെയുമുള്ള കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങളും ചുവന്ന നാവ്‌ നീട്ടി നില്‍ക്കുന്ന ഇശക്കിയമ്മന്റെയും ചിത്രങ്ങള്‍ തൂങ്ങി.

പെട്ടെന്ന്‌ അകത്ത്‌ നിന്ന്‌ `` എന്നെ അടിച്ചു കൊല്ലുന്നേ...'' എന്ന്‌ ഒരു സ്‌ത്രീയുടെ നിലവിളിയും മുഴങ്ങി. ഇതിനകം കാളിംഗ്‌ ബെല്ലില്‍ വിരലമര്‍ത്തിപ്പോയ ഞാന്‍ നില്‍ക്കണോ പോകണോ എന്ന ചിന്താക്കുഴപ്പത്തിലായി.

അകത്ത്‌ നിന്നും ഒന്നും സംഭവിക്കാത്ത പോലെ ചെട്ടിയാരും ഭാര്യയും രണ്ട്‌ കുട്ടികളും പുറത്തു വന്നു. ചെട്ടിയാര്‍ സണ്‍ഗ്ലാസ്സില്ലാതെ എന്നെ നോക്കി ചിരിച്ചു. ``തേങ്ങയുടെ കാശ്‌...'' ഞാന്‍ വിക്കി വിക്കി പറഞ്ഞു. ``അപ്പി ചെല്ല്‌. ഞാന്‍ നാളെത്തെ അങ്ങോട്ട്‌ കൊണ്ട്‌ വരാമെന്ന്‌ അമ്മയോട്‌ പറ''. മര്‍ദ്ദനമേറ്റ യാതൊരു ഭാവവും അയാളുടെ ഭാര്യയുടെ മുഖത്തില്ല. കുട്ടികളും കരച്ചില്‍ നിര്‍ത്തി ഒരു കളിപ്പാട്ടം കണ്ട പോലെ എന്നെ നോക്കി നില്‍ക്കുന്നു. ഞാന്‍ തിരിഞ്ഞു നടന്നു. ``തേങ്ങയ്‌ക്ക്‌ നല്ല വിലയിട്ട്‌ തരണമെന്ന്‌ അവനോട്‌ പറ'' എന്ന്‌ അമ്മ പറഞ്ഞത്‌ ഞാന്‍ ചെട്ടിയാരോട്‌ മിണ്ടിയില്ല. സഭയറിഞ്ഞ്‌ പേശുക എന്നാണല്ലോ തിരുവള്ളുവര്‍ പറഞ്ഞിരിക്കുന്നത്‌. മുറ്റം കടന്ന്‌ വയല്‍വരമ്പിലെത്തിയപ്പോള്‍ വീണ്ടും ചെട്ടിയാരുടെ ഭാര്യയുടെയും കുട്ടികളുടെയും നിലവിളി ഉയര്‍ന്നു.

വരമ്പില്‍ ബീഡി വലിച്ച്‌ നിന്ന ഒരാളോട്‌ ഞാന്‍ പറഞ്ഞു. ``നിങ്ങള്‍ ചെന്ന്‌ നോക്ക്‌. ചെട്ടിയാര്‍ അവരെയും പിള്ളാരെയും തല്ലിക്കൊല്ലും''.
``അയ്യോ അത്‌ അവന്റെ സ്ഥിരം പരിപാടിയാണെടേയ്‌. നമ്മള്‍ പിടിച്ചുമാറ്റാന്‍ ചെന്നാ അവര്‌ ഒന്നാവും. വേറെ വേലയില്ലേ''.

മദ്യപിച്ചു വരുന്ന ഭര്‍ത്താവിന്‌ അറിഞ്ഞുകൊണ്ടു തന്നെ ഒരു വിനോദ ഉപാധിയായി അവര്‍ നിന്നു കൊടുക്കുന്നതാവും. എന്തായാലും ഭാര്യാമര്‍ദ്ദനവും കൊപ്രാക്കച്ചവടവുമായി അധികനാള്‍ ചെട്ടിയാര്‍ നിന്നില്ല. സണ്‍ഗ്ലാസോടെ അയാള്‍ ഗള്‍ഫിലേക്ക്‌ മടങ്ങി.

ഓണമാകുമ്പോള്‍ വില്‍ക്കുന്ന തേങ്ങയുടെ അളവ്‌ കുറയും. കര്‍ക്കിടക കൂരികള്‍ എന്ന്‌ പറയുന്ന പേട്ട്‌ തേങ്ങകള്‍ക്ക്‌ ശേഷം ചിങ്ങം പിറക്കുമ്പോള്‍ നല്ല തേങ്ങകളുണ്ടാവും. അത്‌ ഓണസദ്യയ്‌ക്കുള്ളതാണ്‌. വെട്ടുകാരനും ചുമട്ടുകാരനും സഹായിക്കുമെല്ലാം അധികം തേങ്ങകള്‍ക്ക്‌ പുറമെ ബോണസും കിട്ടും.

തേങ്ങയില്ലാത്ത ഒരു ഓണം ഓര്‍മ്മിക്കാന്‍ പോലുമാകില്ല, മലയാളിക്ക്‌. ഓരോ തെങ്ങിലെ കരിക്കിനും തേങ്ങയ്‌ക്കും ഓരോ രുചിയാണ്‌.

 ``മൊത്തിക്കുടിക്കുമ്പോള്‍ ചെന്തെങ്ങ്‌ ചൊല്ലി, തെക്കേലെ കരിക്കിനേ മധുരമുള്ളു..''

എന്ന്‌ ഭാസ്‌ക്കരന്‍ മാഷ്‌ എഴുതിയത്‌ ഓര്‍മ്മ വരുന്നു. കരിക്കിന്‍ വെള്ളത്തോളം രുചിയുള്ള പാനീയം ഇതുവരെ കുടിച്ചിട്ടുമില്ല. തെങ്ങില്‍ നിന്നുള്ള വരുമാനം കൂടിയാണ്‌ എന്റെ തടിയെങ്കിലും ഒരു തെങ്ങിന്‌ പോലും ഇതുവരെ തടം പിടിച്ചിട്ട്‌ പോലുമില്ല. വല്ലപ്പോഴും തേങ്ങ വെട്ടിന്‌ തേങ്ങ ചുമന്നിടാറുണ്ടായിരുന്നു എന്ന്‌ മാത്രം. പക്ഷേ പാമോയില്‍ വാങ്ങാതെ വില കൂടുതല്‍ കൊടുത്താലും വെളിച്ചെണ്ണ വാങ്ങുന്നതും നൈലോണ്‍ കയര്‍ വാങ്ങാതെ കയര്‍ തന്നെ വാങ്ങുന്നതും എന്നിലെ തേങ്ങാ സംസ്‌കാരത്തിന്റെ നീക്കിയിരുപ്പ്‌ കാരണമാകാം.

തെങ്ങ്‌ മലയാളിയുടെ ജീവിതത്തില്‍ നിന്നും പതുക്കെ പതുക്കെ ഇല്ലാതാകുമോ? തേങ്ങ ഉല്‍പ്പാദനക്ഷമതയില്‍ കേരളത്തെക്കാള്‍ മുന്നിലാണ്‌ തമിഴ്‌നാടെന്ന്‌ എവിടെയോ വായിച്ചു. ശരിയാകുമോ?

തെങ്ങും നെല്ലും വിറ്റും തെങ്ങിന്‍പുരയിടത്തിലും വയലിലും പണിയെടുത്തുമാണ്‌ മലയാളി ഓണം ആഘോഷിച്ചിരുന്നത്‌. അതേ മലയാളി തന്നെ `തേങ്ങാക്കുല' എന്നത്‌ തെറിവാക്കായി ഉപയോഗിച്ചു. അത്‌ ശരിക്കും തെറിയാകരുതേ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.