Thursday, November 15, 2012

ഭ്രാന്താലയംഅന്ന്‌ ചിത്തരോഗാശുപത്രിയിലെ ഡോക്ടര്‍ എന്നെ വിളിച്ചു പറഞ്ഞു:
നിങ്ങളുടെ അസുഖമൊക്കെ തീര്‍ന്നു, ഇനി പോകാം.
എനിക്കും കുറച്ചുനാളായി തോന്നിത്തുടങ്ങിയിരുന്നു
അസുഖമൊക്കെ തീര്‍ന്നുവെന്ന്‌.
ആശ്വാസമായി. ഇനി പുറത്തിറങ്ങാം.
അസുഖത്തോടൊപ്പം പഴയ ചിന്തകളും ഉപേക്ഷിച്ച്‌
ഞാന്‍ പുറത്തിറങ്ങി.
എന്റെയൊപ്പം അസുഖം തീര്‍ന്ന കുറെ പേര്‍ കൂടിയുണ്ടായിരുന്നു.
ഞങ്ങള്‍ ഒരുമിച്ച്‌ അതിര്‍ത്തി കടന്ന ശേഷം
ഒന്നു തിരിഞ്ഞു നോക്കി.
അതിന്‌ നേരെ കൈ ചൂണ്ടി ഒരുവന്‍ ചോദിച്ചു:
"അതല്ലേ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയം?"
അതെ, അതു തന്നെ-ഞങ്ങള്‍ കൂട്ടത്തോടെ പറഞ്ഞു.
എന്നിട്ട്‌ അതിന്‌ നേരെ ഒരുമിച്ച്‌ കല്ലുകള്‍ വലിച്ചെറിഞ്ഞു.
കല്ലേറിന്റെ ഉന്മാദത്തില്‍ ഞങ്ങള്‍ പൊട്ടിച്ചിരിച്ചു.
അതില്‍ അകത്തുള്ള 'ഭ്രാന്തന്‍മാരുടെ" നിലവിളി മുങ്ങിപ്പോയി.

Thursday, November 8, 2012ഒരു പിടി ചോറ്‌
എറണാകുളത്ത്‌ നിന്നും തിരുവനന്തപുരം വരെ വന്നുപോകുന്ന ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌. ഇപ്പോള്‍ അത്‌ ഗുരുവായൂര്‍ വരെ നീട്ടിയിരിക്കുന്നു. ആലപ്പുഴ മുതല്‍ വര്‍ക്കല വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ ഇന്റര്‍സിറ്റിയിലെ യാത്ര വളരെ പരിചിതമായിരിക്കും. കൊല്ലത്തിനപ്പുറമുള്ളവര്‍ വീടെത്തുമ്പോള്‍ വൈകും. അയല്‍ക്കാരോടും വീട്ടുകാരോടും ഇടപെടുന്നതിനേക്കാള്‍ കൂടുതല്‍ ഇവര്‍ ഇന്റര്‍സിറ്റിയിലെ സഹയാത്രികരുമായിട്ടായിരിക്കും ഇടപെടുന്നത്‌ എന്ന്‌ തോന്നുന്നു.

വളരെ കുറച്ചുനാള്‍ ഞാനും ഇന്റര്‍സിറ്റിയിലെ യാത്രക്കാരനായിരുന്നു. ദാമ്പത്യ ജീവിതത്തിലെ ആദ്യവര്‍ഷത്തില്‍ ഭാര്യവീടായ വര്‍ക്കല നിന്നും ജോലിസ്ഥലമായ തിരുവനന്തപുരത്ത്‌ എത്തുവാന്‍ ഇന്റര്‍സിറ്റിയെ ആണ്‌ ആശ്രയിച്ചിരുന്നത്‌.

പതിവുപോലെ ഒരു ദിവസം രാവിലെ ചോറുപൊതിയും എടുത്ത്‌ വര്‍ക്കല നിന്നും ട്രെയിന്‍ കയറി. പതിവുപോലെ സീറ്റില്ലാതെ നിന്ന്‌ തന്നെ യാത്ര ചെയ്‌തു. പതിവു മുഖങ്ങളെ കണ്ട്‌ ചിരിച്ചു. തീവണ്ടിയുടെ ജാലകങ്ങളിലൂടെ പതിവുകാഴ്‌ചകള്‍ പാഞ്ഞുപോയി. മാറ്റമില്ലാത്ത ഈ വിരസയാത്ര താല്‍ക്കാലികമാണല്ലോ എന്നോര്‍ക്കുകയും ഔദ്യോഗിക ജീവിതം മുഴുവന്‍ തീവണ്ടിയെ ആശ്രയിക്കേണ്ടി വരുന്നവരുടെ ദുരവസ്ഥയുമായി താരതമ്യം ചെയ്‌ത്‌ പുളകിതനാവുകയും ചെയ്‌തു. എന്തായാലും വണ്ടി തിരുവനന്തപുരത്ത്‌ എത്തുകയും ഞാന്‍ ഓഫീസില്‍ എത്തുകയും ചെയ്‌തു.

ആശ്വാസത്തോടെ ഇരിപ്പിടത്തില്‍ ഇരുന്നതും ഞെട്ടലോടെ ഒരു കാര്യം തിരിച്ചറിഞ്ഞു. ചോറ്‌പൊതി ഞാന്‍ ഇന്റര്‍സിറ്റിയില്‍ വച്ച്‌ മറന്നിരിക്കുന്നു! രാവിലെ ഭാര്യ ചോറ്‌ വാട്ടിയ വാഴയിലയില്‍ തട്ടിയിടുന്നതും ഓരോ വിഭവങ്ങളുടെയും പേരെടുത്ത്‌ പറഞ്ഞ്‌ അതിന്റെ കൂടെ പൊതിഞ്ഞു വയ്‌ക്കുന്നതും സംതൃപ്‌തിയോടെ എന്നെ നോക്കി ചിരിച്ചതും ഒരു മണിരത്‌നം ചിത്രത്തിലെ ഫ്‌ളാഷ്‌ബാക്ക്‌ പോലെ അതിവേഗത്തിലുള്ള ദൃശ്യങ്ങളിലൂടെ എന്റെ തലച്ചോറില്‍ മിന്നി. ഉച്ചയ്‌ക്ക്‌ ഊണില്ല എന്നതിനേക്കാള്‍ ഞാന്‍ എന്തോ പാപം ചെയ്‌തു എന്നായിരുന്നു മനസില്‍. പിന്നെ വൈകിയില്ല, സഹപ്രവര്‍ത്തകന്റെ ബൈക്കുമെടുത്ത്‌ തമ്പാനൂരേക്ക്‌ പാഞ്ഞു. നാലാമത്തെ പ്‌ളാറ്റ്‌ഫോമില്‍ എത്തിച്ചേര്‍ന്ന ഇന്റര്‍സിറ്റിയുടെ ചൂടാറിയിട്ടുണ്ടാവില്ല, കിതപ്പ്‌ മാറ്റാന്‍ യാര്‍ഡിലേക്ക്‌ പോകുന്നതിന്‌ മുമ്പ്‌ അവിടെ എത്തിയേ പറ്റൂ. നാലാമത്തെ പ്‌ളാറ്റ്‌ഫോമില്‍ എത്തിയപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. ഏതോ ബോഗിയിലേക്ക്‌ ചാടിക്കയറി, ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്‌ ഞാന്‍ ഓടിക്കൊണ്ടിരുന്നു.വാതിലിന്റെ വശത്ത്‌ മുകളില്‍ ബാഗ്‌ വയ്‌്‌കുന്ന റാക്കില്‍ ആണ്‌ ഹിന്ദു ദിനപത്രത്തിന്റെ കടലാസില്‍ പൊതിഞ്ഞ ചോറ്‌ പൊതി വച്ചത്‌. ഏത്‌ ബോഗിയായിരുന്നു? മധ്യഭാഗത്ത്‌ എന്നു മാത്രം അറിയാം. അതില്‍ നിരനിരയായി ആഭരണക്കടയുടെ പരസ്യമുണ്ടായിരുന്നു. ഇന്ത്യന്‍ റെയില്‍വെ ഓരോ ബോഗിക്കും ഓരോ നിറം നല്‍കിയിരുന്നെങ്കില്‍ എത്ര എളുപ്പമായിരുന്നു എന്ന്‌ ആലോചിച്ചു പോയി.

ഒഴിഞ്ഞ തീവണ്ടിയുടെ കാഴ്‌ച തന്നെ പേടിപ്പെടുത്തുന്നതായിരുന്നു. ഇത്രയും ആളുകള്‍ തിക്കിത്തിരക്കി വന്നതാണെന്ന്‌ പറയില്ല. വിരുന്ന്‌ സല്‍ക്കാരം കഴിഞ്ഞ്‌ കൂട്ടത്തോടെ അതിഥികള്‍ ഉപേക്ഷിച്ചു പോയ മുറി പോലെ, വല്ലാത്ത ശൂന്യത. നെടുവീര്‍പ്പുകളും പൊട്ടിച്ചിരികളും വാഗ്വാദങ്ങളും പ്രണയം കലര്‍ന്ന നോട്ടങ്ങളും മൊബൈല്‍ പാട്ടുകളും ദിനപത്ര വാര്‍ത്തകളും സൗഹൃദ സ്‌മിതങ്ങളുമെല്ലാം പെട്ടെന്ന്‌ വിട്ടൊഴിഞ്ഞ ഏകാന്ത പേടകം. എല്ലാ ബോഗിയിലും ആഭരണക്കടയുടെ പരസ്യം. ഓരോ ബോഗിക്കും ഓരോ ഉല്‍പ്പന്നത്തിന്റെ പരസ്യം കൊടുത്താല്‍ റെയില്‍വെയ്‌ക്ക്‌ വരുമാനവും കൂടും യാത്രക്കാര്‍ക്ക്‌ ബോഗി തിരിച്ചറിയാനും പറ്റും.

ഞാന്‍ ഓട്ടം തുടര്‍ന്നു. ഓരോ റാക്കും ശൂന്യം, ഇതെവിടെ പോയി ? വണ്ടി വന്നാലുടന്‍ ഇരച്ചുകയറുന്ന നാടോടികള്‍ എടുത്തുകൊണ്ട്‌ പോയതാവുമോ? അങ്ങനെയാവില്ല, അങ്ങനെയാവാന്‍ ഇത്‌ ദീര്‍ഘദൂര തീവണ്ടി അല്ലല്ലോ. ഞാന്‍ സ്വയം സമാധാനിപ്പിച്ചു. ഓടിയോടി ഞാന്‍ കിതയ്‌ക്കാന്‍ തുടങ്ങി. മധ്യഭാഗത്തെ ബോഗികള്‍ തീരാറായി. ഇനി പുറകിലേക്ക്‌ ഓടാം. വെറുതെ ഒന്ന്‌ തിരിഞ്ഞപ്പോള്‍ കണ്ടു-എന്റെ ചോറ്‌ പൊതി ! അത്‌ അവിടെ തന്നെയുണ്ട്‌. അതെടുത്ത്‌ മടിയില്‍ വച്ച്‌ വളരെ നേരം അങ്ങനെ തന്നെയിരുന്നു തീവണ്ടി ഇതിനകം ഒരു വെയില്‍പറമ്പില്‍ എത്തിയിരുന്നു...

എന്തുകൊണ്ടാണ്‌ ഒരു ചോറ്‌ പൊതിക്ക്‌ വേണ്ടി ഞാന്‍ ഇത്രയും ഓടിയത്‌ ? കാരണം അത്‌ വേറെ ഒരിടത്തും കിട്ടില്ല, എത്ര പണം കൊടുത്താലും. ഒരു ചോറ്‌ പൊതി പോലെയാകില്ല മറ്റൊന്ന്‌്‌. ജീവിതത്തില്‍ ഒരിക്കലെങ്കിലും വാഴയിലയില്‍ ചോറ്‌ പൊതിഞ്ഞ്‌ കൊണ്ടുപോയി കഴിച്ചിട്ടില്ലെങ്കില്‍ അത്‌ നഷ്ടം തന്നെയാണ്‌. വഴിച്ചോറ്‌ അല്ലെങ്കില്‍ പാഥേയം ഒരു സംസ്‌്‌കാരമാണ്‌. ഒരു നേരത്തെ ആഹാരത്തിന്റെ വില ഒരു യാത്രാവേളയില്‍ വളരെ വലുതാണ്‌. വീട്ടില്‍ നിന്നും ചോറ്‌ പൊതിഞ്ഞു കൊണ്ടുപോകുന്ന നിങ്ങള്‍ ഒരു കരുതലിനെയും സ്‌നേഹത്തെയും ഒരു സംസ്‌കാരത്തെയുമാണ്‌ കൂടെ കൊണ്ടുപോകുന്നത്‌.

മരണമെത്തുമ്പോള്‍ അവസാനമായി കഴിക്കാന്‍ തോന്നുക പ്രിയപ്പെട്ടവര്‍ ഉണ്ടാക്കിയ ഭക്ഷണമായിരിക്കില്ലേ? മകനെ വധശിക്ഷയ്‌ക്ക്‌ വിധിക്കുമ്പോള്‍ അവന്‌ അവസാനമായി കഴിക്കാന്‍ അച്ഛന്‍ കൊണ്ടുപോകുന്നത്‌ വീട്ടില്‍ നിന്നുള്ള പൊതിച്ചോറാണ്‌. ഒരു മഹത്തായ ലക്‌്‌ഷ്യത്തിന്‌ വേണ്ടി പ്രവര്‍ത്തിച്ചതിനാണ്‌ അവന്‌ വധശിക്ഷ നേരിടേണ്ടി വരുന്നത്‌. കണ്ടുണ്ണി എന്ന മകന്‌ വേണ്ടി വെള്ളായിയപ്പന്‍ പൊതിച്ചോറുമായി ഇറങ്ങുകയാണ്‌. പക്ഷേ അയാള്‍ എത്തുമ്പോഴേക്കും തൂക്കിക്കൊല നടന്നു കഴിഞ്ഞു. ആ ചോറ്‌ കടല്‍ത്തീരത്തെ കാക്കകള്‍ക്ക്‌ അയാള്‍ എറിഞ്ഞുകൊടുത്തു. അങ്ങനെ അത്‌ മകനുള്ള അച്ഛന്റെ ബലിച്ചോറായി. ഒ. വി. വിജയന്റെ കടല്‍ത്തീരത്ത്‌ എന്ന കഥയില്‍ നിന്നാണ്‌ ഇത്‌. മലയാള സാഹിത്യത്തിലും സിനിമയിലും എല്ലാം പൊതിച്ചോറിന്റെ രുചിയും മണവും ധാരാളം ചേര്‍ക്കപ്പെട്ടിട്ടുണ്ട്‌.

കാരൂരിന്റെ ഒരു കഥയുടെ പേര്‌ തന്നെ പൊതിച്ചോറ്‌ എന്നാണ്‌. വിശപ്പ്‌ സഹിക്കാനാവാതെ വിദ്യാര്‍ത്ഥിയുടെ പൊതിച്ചോറ്‌ എടുത്ത്‌ കഴിക്കുന്ന അധ്യാപകന്റെ കഥ. പഴയ കാലത്തെ ശമ്പളമില്ലാതെ പട്ടിണിയില്‍ കഴിഞ്ഞിരുന്ന അധ്യാപകരുടെ ദയനീയചിത്രം വരച്ചുകാട്ടുന്നതായിരുന്നു മലയാളത്തിലെ മികച്ച ചെറുകഥകളില്‍ ഒന്നായ പൊതിച്ചോറ്‌. ഈ കഥ മോഹന്‍ലാലിനെ നായകനാക്കി ഒന്നാം സാര്‍ എന്ന പേരില്‍ സിനിമയാക്കാന്‍ ഒരു പദ്ധതിയുണ്ടായിരുന്നു. രാജീവ്‌നാഥ്‌ ആയിരുന്നു സംവിധായകന്‍. പക്ഷേ പട്ടിണിയെ കുറിച്ച്‌ ചിന്തിക്കാത്ത പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ ഈ സിനിമ വന്നാല്‍ പൊളിഞ്ഞുപോകുമെന്ന്‌്‌ കരുതി പ്രോജക്ട്‌ ഉപേക്ഷിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാത്ത അധ്യാപകന്റെ കഥ നല്ല ശമ്പളം വാങ്ങുന്ന അധ്യാപകരെ മാത്രം കണ്ട്‌ ശീലിച്ച പുതിയ തലമുറയ്‌ക്ക്‌്‌ ദഹിക്കില്ല എന്ന തിരിച്ചറിവും പൊതിച്ചോറ്‌ സിനിമ ജനിക്കുന്നതിന്‌ മുമ്പേ മരിക്കുന്നതിന്‌ കാരണമായിട്ടുണ്ടാകാം.

ഒളിവില്‍ കഴിയുന്ന കാലത്ത്‌ പട്ടിണിക്കുടിലുകളില്‍ നിന്നും ഭക്ഷണം കഴിക്കേണ്ടി വന്നതിന്റെ നീറുന്ന ചിത്രങ്ങള്‍ 'ഒളിവിലെ ഓര്‍മ്മകള്‍' എന്ന ആത്മകഥയില്‍ തോപ്പില്‍ ഭാസി പറയുന്നുണ്ട്‌. ചെറുമക്കുടിലിലെ ചട്ടിയില്‍ ന്‌ിന്നും ആര്‍ത്തിയോടെ പഴങ്കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോഴാണ്‌ അവിടെയുള്ളവര്‍ ഒന്നും കഴിച്ചിട്ടില്ലെന്ന്‌ തോപ്പില്‍ ഭാസി മനസിലാക്കുന്നത്‌. വിശന്ന്‌്‌ വലഞ്ഞ്‌ കഴിച്ചതിനാല്‍ അത്രയും രുചികരമായ ഭക്ഷണം പിന്നെ കഴിച്ചിട്ടേയില്ലെന്നാണ്‌ അദ്ദേഹം എഴുതിയിട്ടുള്ളത്‌. ഇങ്ങനെ സ്വയം പട്ടിണി കിടന്ന്‌ ഒളിവില്‍ കഴിഞ്ഞ സഖാക്കള്‍ക്ക്‌ ഭക്ഷണം വിളമ്പിയ അമ്മമാര്‍ കേരളത്തിന്റെ പല ഭാഗത്തുമുണ്ടായിരുന്നു. സാഹിത്യകാരന്‍ കാക്കനാടന്റെ അമ്മ ഇത്തരത്തില്‍ ഒരാളായിരുന്നു. ഒരേസമയം പാതിരിയും കമ്മ്യൂണിസ്റ്റുമായിരുന്ന ജോര്‍ജ്ജ്‌ കാക്കനാടന്റെ ഭാര്യയായ റോസമ്മ അങ്ങനെ നിരവധി കമ്മ്യൂണിസ്‌റ്റ്‌കാര്‍ക്ക്‌ ഭക്ഷണം വിളമ്പിയ അമ്മയായി.

കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ഒരു ദിവസം എവിടെയൊക്കെയോ അലഞ്ഞ്‌ തിരിഞ്ഞ്‌ പാതിരാത്രി വിശന്ന്‌ വലഞ്ഞ്‌ കാക്കനാടന്റെ കൊല്ലത്ത്‌ തേവള്ളിയിലെ വാടക വീട്ടില്‍ എത്തിയ അനുഭവം എഴുതിയിട്ടുള്ളത്‌ വായിച്ചാല്‍ കാക്കനാടന്റെ അമ്മയെ പോലെയായിരുന്നു ഭാര്യയും എന്ന്‌ മനസിലാകും . എല്ലാവരും ഉറങ്ങിയിട്ടുണ്ടാവുമെന്ന്‌ ചുള്ളിക്കാട്‌ കരുതി. വിശപ്പ്‌ സഹിക്കാനും വയ്യ. ആരെയും ഉണര്‍ത്താതെ കിടക്കാമെന്ന്‌ കരുതിയപ്പോള്‍ കസേരയില്‍ കൈ തട്ടി. ശബ്ദം കേട്ട്‌ അമ്മിണിച്ചേച്ചി വിളിച്ചു ചോദിച്ചു: "ആരാ? ", "ഞാനാ ബാലന്‍" എന്ന്‌ ചുള്ളിക്കാട്‌.
"നീ വല്ലതും കഴിച്ചതാണോ, മേശപ്പുറത്ത്‌ ചോറും കറിയും ഇരിപ്പുണ്ട്‌. വാതില്‍ ചാരിയിട്ടേയുള്ളു"

വിശന്ന്‌ പ്രാണന്‍ പോയ ചുള്ളിക്കാടിന്‌ ആ വാക്കുകള്‍ തന്നെ അമൃതായി തോന്നിയിരിക്കില്ലേ?

മറ്റൊരാളുടെ വിശപ്പ്‌ അറിയാന്‍ കഴിയുന്ന അമ്മിണിച്ചേച്ചിയെ പോലെയുള്ളവരെ എന്ത്‌ ബഹുമതി കൊടുത്ത്‌ ആദരിച്ചാലാണ്‌ മതിയാകുക.

പിറ്റേന്ന്‌ നേരം വെളുത്തപ്പോള്‍ രാത്രിയില്‍ താന്‍ എത്തുമെന്ന്‌ ചേച്ചി എങ്ങനെ അറിഞ്ഞുവെന്ന്‌ ചുള്ളിക്കാട്‌ ചോദിച്ചപ്പോള്‍ "നിന്നെ പോലെ ആരെങ്കിലും വരുമല്ലോ, ചോറെടുത്ത്‌്‌ വച്ച്‌ കിടന്നാല്‍ പിന്നെ എഴുന്നേല്‍ക്കണ്ടല്ലോ" എന്നായിരുന്നു അമ്മിണിച്ചേച്ചിയുടെ മറുപടി. വാതില്‍ പൂട്ടിയിരുന്നില്ലല്ലോ എന്ന്‌ ചോദിച്ചപ്പോള്‍ "ഓ ഇവിടെ എന്നാ ഇരുന്നിട്ടാ പൂട്ടാന്‍, ഇത്‌ ബേബിച്ചായന്റെ വീടാന്ന്‌്‌ എല്ലാ കള്ളന്‍മാര്‍ക്കും അറിയാം", എ്‌ന്നാണത്രേ ആ അമ്മ പറഞ്ഞത്‌.

ഹൃദയത്തിന്റെ വാതിലുകള്‍ ഒരിക്കലും പൂട്ടാതിരുന്ന ആ വലിയ മനുഷ്യന്‌ വിട എന്നെഴുതിയാണ്‌ കാക്കനാടന്റെ മരണശേഷം എഴുതിയ ഈ ഓര്‍മ്മക്കുറിപ്പ്‌ ചുള്ളിക്കാട്‌ അവസാനിപ്പിക്കുന്നത്‌.

അത്താഴ പട്ടിണിക്കാരുണ്ടോ എന്ന്‌ വിളിച്ച്‌ ചോദിച്ച ശേഷം മാത്രം പടിപ്പുര വാതിലടയ്‌ക്കുന്ന വീടുകള്‍ കേരളത്തിലുണ്ടായിരുന്നു. പക്ഷേ അന്യന്റെ വിശപ്പറിയുന്ന
സംസ്‌ക്കാരവും നമുക്ക്‌ നഷ്ടമായിരിക്കുന്നു.

ഇന്ന്‌ ഒരു നേരത്തെ ആഹാരം കിട്ടുക എന്നതല്ല വിഷയം, അത്‌ ഏത്‌ തരമായിരിക്കണം എന്നായിരിക്കുന്നു. ചൈനയും മധ്യപൂര്‍വേഷ്യയും യൂറോപ്പുമെല്ലാം മലയാളിയുടെ തീന്‍മേശയില്‍ നിരന്നിരിക്കുകയാണ്‌. കടലില്‍ നിന്നും കായലില്‍ നിന്നും മരുഭൂമിയില്‍ നിന്നും മഞ്ഞുമലകളില്‍ നിന്നുമുള്ള ഭക്ഷ്യവിഭവങ്ങള്‍ നിരത്തി തീന്‍ശാലകള്‍ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നു. ഊണ്‌ തയ്യാര്‍ എന്ന ബോര്‍ഡ്‌ ക്രമേണ അപ്രത്യക്ഷമാവുന്നു പകരം വിഭവങ്ങളുടെ പേര്‌ നിരത്തിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുകയാണ്‌.

വാതത്തിന്‌ പോത്തിറച്ചി, വലിവിന്‌ കാടയിറച്ചി, അര്‍ശസിന്‌ താറാവിന്റെ മുട്ട, ശരീരബലത്തിന്‌ ആട്ടിന്‍സൂപ്പ്‌ എന്നിങ്ങനെ ഭക്ഷണത്തിന്‌ മരുന്നിന്റെ മുഖംമൂടി നല്‍കി അമിതഭക്ഷണത്തിന്റെ കുറ്റബോധം നമ്മള്‍ എളുപ്പത്തില്‍ മറികടന്നു. തലതിരിഞ്ഞ ആസൂത്രണവും പൊതുവിതരണ സമ്പ്രദായത്തിന്റെ തകര്‍ച്ചയും ചേര്‍ന്ന്‌ പട്ടിണി ഒരു പ്രതിഭാസമാക്കി മാറ്റിയ രാജ്യത്ത്‌ തന്നെയാണ്‌ ഭക്ഷണത്തിന്‌ വേണ്ടി മാത്രമുള്ള ടി വി ചാനല്‍ ഷോകളും ഉള്ളത്‌ എന്നത്‌ വല്ലാതെ വിശക്കുന്ന ഒരു വൈരുദ്ധ്യമാണ്‌.

തീവണ്ടിയാത്രയും പൊതിച്ചോറ്‌ മറന്നതുമായിരുന്നല്ലോ ഈ കുറിപ്പിന്റെ തുടക്കം. ഒരു ട്രെയിന്‍ യാത്രയിലെ പൊതിച്ചോറ്‌ അനുഭവത്തെ കുറിച്ച്‌ ചലച്ചിത്ര പ്രവര്‍ത്തകയായ ശ്രീബാല കെ മേനോന്‍ പറഞ്ഞതും കൂടി എഴുതി ഈ കുറിപ്പവസാനിപ്പിക്കാം. ഒരു ട്രെയിന്‍ യാത്രയില്‍ ശ്രീബാലയുടെ എതിരെ ഇരുന്നത്‌ ഒരു കൗമാരക്കാരനായിരുന്നു. ഉച്ചയൂണിന്‌ സമയമായി, അവന്‍ ചോറ്‌ പൊതി പുറത്തെടുത്തു. വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ചൂടാറാത്ത ചോറിന്റെ ഗന്ധം പരന്നു. അതില്‍ ചമ്മന്തിയും ചീരത്തോരനും മെഴുക്കുപുരട്ടിയുമെല്ലാമുണ്ട്‌. പെട്ടെന്ന്‌ ബിരിയാണി, ബിരിയാണി എന്ന്‌ വിളിച്ച്‌ ട്രെയിന്‍ പാന്‍ട്രിയിലെ വില്‍പ്പനക്കാരന്‍ വന്നു. ചെക്കന്‍ ചോറ്‌്‌പൊതി അടച്ചുവച്ച്‌ ചാടി എഴുന്നേറ്റ്‌ ബിരിയാണി വാങ്ങി. പിന്നെ ചോറ്‌ പൊതി ചുരുട്ടിക്കൂട്ടി ജാലകത്തിലൂടെ പുറത്തേക്ക്‌ വലിച്ചെറിഞ്ഞു! ഒരു അമ്മ കഷ്ടപ്പെട്ട്‌ സ്‌്‌നേഹത്തോടെ പാചകം ചെയ്‌ത്‌ പൊതിഞ്ഞു നല്‍കിയ ഭക്ഷണം വലിച്ചെറിഞ്ഞ അവനെ എ്‌ന്തു ചെയ്യണം? വായനക്കാര്‍ തീരുമാനിക്കുക.