Monday, December 23, 2013




മൊബിഡിക്



എന്റെ അഹംബോധം 
ഒരു കൂറ്റന് തിമിംഗലമായിരുന്നു.
നിന്റെ വെറുമൊരു നോട്ടത്തിന്റെ ചാട്ടുളിയേറ്റ്
അത് തീരത്ത് ചത്തടിഞ്ഞുവെങ്കിലും
അതിന്റെ അസ്ഥികൂടത്തില്
പുഴുവരിക്കും വരെ,
ഉപ്പുകാറ്റില്  അത് അലിഞ്ഞ് തീരും വരെ,
എന്നെ തൊടാതെ 
നിന്റെ പ്രണയം ഒരു കടല്കാക്കയായി 
എന്നെ വട്ടമിട്ടു പറക്കും.

Sunday, December 8, 2013

പ്രഭാതങ്ങള്഼ ഇങ്ങനെയാവണം



രാവിലെ ഉറക്കമുണര്ന്നപ്പോഴാണ് മനസിലായത്
തലേന്ന് കിടന്നുറങ്ങിയത്
നാട്ടുവേശ്യയുടെ വീടിന്റെ തിണ്ണയിലായിരുന്നുവെന്ന്.
കണ്ണ് തിരുമ്മി നോക്കുമ്പോള്഼
അത്ഭുത വസ്തുവിനെയെന്ന പോലെ
എന്നെ നോക്കി നില്഼ക്കുന്ന നാട്ടുകാര്
വേലി ചാരി, താടിക്ക് കൈയും കൊടുത്ത്
അങ്ങനെ നോക്കി ആസ്വദിക്കുന്നു.
ചിലര്഼ എന്റെ നേരെ വിരല്഼ ചൂണ്ടി
എന്തോ പറഞ്ഞ് ചിരിക്കുന്നു.
ചിലര്഼ അര്ഥം വച്ച് ഒന്ന് നോക്കി നടന്നു പോയി.
അവളുടെ പാച്ചുവെന്ന് വിളിക്കുന്ന
നാടന് നായ അപ്പോഴും മുറ്റത്ത്
എന്നെ നോക്കി വാലാട്ടി നില്഼ക്കുന്നുണ്ടായിരുന്നു.
ഇന്നലെ ഞാന് കൊടുത്ത
പൊതിച്ചോറ് അവന് ഇഷ്ടമായിട്ടുണ്ടാവണം.
പറമ്പ് കിളയ്ക്കാന്഼ വിളിച്ചപ്പോള്഼
കൂലി കൂടുതല്഼ ചോദിച്ച മണിയപ്പന്,
കള്ളില്഼ പൊടി കലക്കുന്ന ചെത്തുകാരന് ശശീന്ദ്രന്,
ആരും അറിയാതെ എന്റെ കൈയില്഼
നിന്നും പുതിയ രതിനിര്഼വേദത്തിന്റെ സി ഡി വാങ്ങിയ
ശാന്തിക്കാരന് പ്രശാന്തന് നമ്പൂതിരി,
ആട്ടിറച്ചി വാങ്ങിയപ്പോള്഼
കാളക്കുട്ടിയുടെ ഇറച്ചി തന്ന് എന്നെ പറ്റിച്ച ഖാദറ്,
മീറ്റ്ര പലിശയ്ക്ക് പണം കടം കൊടുക്കുന്ന സുശീലന് നായര്
ഞാന് ഫീസ് വാങ്ങാതെ ട്യൂഷന് കൊടുത്ത ഏതൊക്കെയോ ചെക്കന്മാര്഼,
ഒരുപാട് തവണ ഞാന്഼ ചായയും പലഹാരവും
വാങ്ങിക്കൊടുത്തിട്ടുള്ള വയറന്഼ മത്തായി,
എന്നെ കാണുമ്പോള്഼  മുതുക് വളച്ച് നിന്ന്
കുഞ്ഞേ എന്ന് വിളിച്ച് കാശ് വാങ്ങി
കള്ള് കുടിക്കാ്ന പോകുന്ന കൊല്ലന് പരമു
അങ്ങനെ നായരും നമ്പൂതിരിയും നാലാംവേദവും പറയനും പുലയനും
എല്ലാവരും വേലി കടക്കാതിരിക്കാന് ശ്രദ്ധിച്ചുകൊണ്ട്
എന്നെ നോക്കി നിന്നു.
അന്ന് മുതല്഼ ഞാന്഼ പകല്഼ മാന്യന് അല്ലാതായി.
പാച്ചു അപ്പോഴും വാലാട്ടി എന്റെ അടുത്ത് നില്഼ക്കുന്നുണ്ടായിരുന്നു.

Sunday, June 16, 2013



അടിമകള്഼ കല്ല് കൊത്തുന്ന ശബ്ദം





ഹൈസ്കൂളില്഼ പഠിക്കുമ്പോഴാണ് ആദ്യമായി വാച്ച് കെട്ടുന്നത്. അതും പുതിയതല്ല, അച്ഛന്഼ എന്നോ ഉപയോഗിച്ചിരുന്നതാണ്, കീ കൊടുത്ത് ഓടുന്ന ഒരെണ്ണം. സ്ക്കൂള്഼ അസംബ്ളി കഴിഞ്ഞുള്ള തിരക്കിനിടയില്഼ അതിന്഼റെ കീ ബട്ടണ്഼ എങ്ങനെയോ നഷ്ടമായി. പിന്നെ അത് നിലച്ചു. കീ ബട്ടണ്഼ ഞാന്഼ മനപൂര്഼വം ഇളക്കിക്കളഞ്ഞതാണെന്നും അത് പുതിയ വാച്ച് കിട്ടാനുള്ള എന്റെ അടവാണെന്നും അച്ഛന്഼ പ്രഖ്യാപിച്ചു. ഞാനെത്ര കരഞ്ഞു പറഞ്ഞിട്ടും അച്ഛന്഼ വിശ്വസിച്ചില്ല, തല്ല് കിട്ടാതെ രക്ഷപ്പെട്ടുവെന്ന് മാത്രം. 

പിന്നെ കുറെ നാള്഼ വാച്ച് ഇല്ലാതെ ജീവിച്ചു. അന്ന് വാച്ചിന്റെ പ്രധാന ആവശ്യം ഇഷ്ടമില്ലാത്ത പീരിയഡിന്റെ ബെല്഼ എപ്പോള്഼ അടിക്കുമെന്ന് അറിയാന്഼ മാത്രം. പിന്നെ പത്താം ക്ളാസ് ആയപ്പോള്഼ ഒരു വാച്ച് കിട്ടി. അച്ഛന്഼ എച്ച് എം ടി യുടെ ആരാധകന്഼ ആയിരുന്നതു കൊണ്ട് അതേ വാങ്ങു. പലവ്യഞ്ജനകടയില്഼ ത്രാസില്഼ ഇടുന്ന അരകിലോ കട്ട പോലെ ഒരെണ്ണം.  ചേതന്഼ സീരിസിലെ  ചെയിന്഼ ഉള്ളത്. എന്റെ മെലിഞ്ഞ കൈത്തണ്ടയില്഼ അത് ഒരു ഭാരം പോലെ തൂങ്ങിക്കിടന്നു. വാച്ച് ചേരാത്തതിന് എന്റെ മെലിവിനായി കുറ്റം. പല സഹപാഠികളും അന്ന് ഹരമായി മാറിക്കഴിഞ്ഞ ടൈറ്റാന്഼ ക്വാര്഼ട്ട്സ് കെട്ടി നടക്കുമ്പോള്഼ ഞങ്ങള്഼ ചിലര്഼ മാത്രം എച്ച് എം ടിയും ആല്഼വിനും തൂക്കി നടന്നു. എന്റെ പത്താം ക്ലാസ് ഫോട്ടോയില്഼ ആ വാച്ച് ഇപ്പോഴും കാണാം. 

ബിരുദ പഠനകാലത്തും സന്തമായി ഒരു പുതിയ വാച്ചെന്നത് സ്വപ്നമായി അവശേഷിച്ചു. ചേട്ടന് കൈമാറിയ വാച്ചാണ് അന്ന് ഉപയോഗിച്ചത്. പിന്നെയും എച്ച് എം ടി എന്നെ വിടാതെ പിടികൂടി. ദോശക്കല്ലിനെ അനുസ്മരിപ്പിക്കുന്ന ഡയലോട് കൂടിയ സോണ സീരിസിലെ സ്വര്ണനിറമുള്ള ബ്രൌണ് സ്ട്രാപ്പുള്ള ഒരെണ്ണം. കീ കൊടുക്കുന്ന വാച്ചുകളുടെ സൂചിയുടെ വിറയാര്ന്ന ചലനങ്ങളില് നിന്നും ക്വാര്ട്സ് വാച്ചുകളുടെ സൂചിയുടെ അച്ചടക്കമുള്ള ചുവടുവയ്പുകള് എന്റെ കൈത്തണ്ടയ്ക്ക് അന്യമായി തുടര്ന്നു.
പിന്നീടൊരിക്കലും സ്ഥിരമായി ഒരു വാച്ച് എനിക്കുണ്ടായില്ല. ചില കാലങ്ങളില്഼വാച്ചില്ലാതെ തന്നെ ജീവിച്ചു. മൊബൈല്഼ വന്നപ്പോള്഼ വാച്ച് പൂര്഼ണമായും ഒഴിവാക്കി. പിന്നീട് വിവാഹദിവസമാണ് വാച്ച് അത്യാവശ്യമായത്. രാവിലെ ഒരുങ്ങുമ്പോള്഼ എല്ലാവരും പറഞ്ഞു, ഒരു വാച്ച് കൂടി വേണം. പക്ഷേ ആ നേരത്ത് എവിടെ വാച്ച് കിട്ടാന്഼ വേറെ ആരുടെയെങ്കിലും വാച്ചും കെട്ടി കതിര്഼മണ്ഡപത്തില്഼ കയറാന്഼ വയ്യ.  പഴയ പെട്ടിയും മേശവലിപ്പുമൊക്കെ അരിച്ച് പെറുക്കി കറുത്ത സ്ട്രാപ്പുള്ള , കറുത്ത ഡയലുള്ള ഒരുവനെ കിട്ടി. വെറുതെ ഒന്ന് തിരിച്ച് ഒന്ന് കുലുക്കിയപ്പോള്഼ ഓടുകയും ചെയ്തു. അതും കെട്ടിയാണ് കതിര്഼മണ്ഡപത്തില് കയറിയത്. ആ കറുത്ത വാച്ച് ഇന്ന് എന്റെ വിവാഹ ഫോട്ടോയില്഼ മാത്രമേ ഉള്ളു. പിന്നെ ഞാന്഼ വാച്ച് കെട്ടിയിട്ടേ ഇല്ല. 

ചിത്രത്തില് കാണുന്ന വാച്ച് സ്വിസ് മേഡാണ്.വിദേശത്ത് നിന്നും ഞാന് ആദ്യമായി നാട്ടിലേക്ക് പോകുമ്പോള് അച്ഛന് സമ്മാനമായി നല്കാന് വാങ്ങിയതാണ്. കീ ബട്ടണ് കളഞ്ഞതിന്റെ പേരില് അച്ഛനില് നിന്നും ഏറെ പഴി കേട്ട എനിക്ക് അച്ഛന് നല്കാന്഼ ഇതില്പരം ഉചിതമായ സമ്മാനം വേറെയുണ്ടെന്ന് തോന്നുന്നില്ല. സ്വിസ് മേഡ് തന്നെ തിരഞ്ഞെടുത്തതിന് പിന്നില് അത് മികച്ചതാണ് എന്ന്ത് മാത്രമല്ല കാരണം. ചിലപ്പോള് എച്ച് എം ടി എന്ന മൂന്നക്ഷരത്തോടുള്ള എന്റെ അമര്ഷമായിരിക്കാം. എന്റെ കൌമാരത്തെയും യൌവനത്തെയും വര്ഷങ്ങള് പിന്നോട്ട് വലിച്ച് എച്ച് എം ടീീീീ, നിന്നോട് ഞാന് പൊറുക്കില്ല. രാഷ്ട്രത്തിന്റെ സമയപാലകരാണ് പോലും. ഇപ്പോള് എച്ച് എം ടി വാച്ച് ഉല്പ്പാദനം നിര്ത്തി എന്ന് തോന്നുന്നു. ഇന്ന് എനിക്ക് സ്വന്തമായി വാച്ച് വാങ്ങാം. പക്ഷേ വീടിനുള്ളില്഼ ക്ളോക്കുകള്഼, കൈയില്഼ മൊബൈല്഼, വാഹനത്തിനുള്ളിലും ക്ളോക്ക്. അങ്ങനെയാകുമ്പോള്഼ വാച്ച് ആവശ്യമല്ല ആഡംബരമെന്ന് തിരിച്ചറിഞ്ഞാണ് വാച്ച് വേണ്ട എന്ന് ഞാന്഼ തീരുമാനിച്ചിരിക്കുന്നത്.

പണ്ട് വാച്ചൊന്നുമില്ലാതെ അമ്മൂമ്മാരും അപ്പൂപ്പന്മാരും ഇറയത്ത് വെയില്഼ വീഴുന്നത് നോക്കി സമയം കൃത്യമായി പറഞ്ഞിരുന്നു. ലാളിത്യത്തിന്റെ മകുടോദാഹരണമായ ഗാന്ധിജി പോലും വാച്ച് ഉപയോഗിച്ചപ്പോള്഼ വിഖ്യാത ചിത്രകാരന്഼ എം എഫ് ഹുസൈന്഼ വാച്ച് ഉപയോഗിക്കാറില്ലായിരുന്നു. വാച്ച് ഇല്ലെങ്കിലും ജീവിക്കാം, അല്ലേ


"ഇന്നലെ എന്റെ വാച്ച് നിലച്ചു
ഞാനിനി സമയത്തിന്റെ വാദിയോ പ്രതിയോ അല്ല
ടിക് ടിക് ടിക്
അടിമകള്഼ കല്ല് കൊത്തുന്ന ശബ്ദം..."
- ബാലചന്ദ്രന്഼ ചുള്ളിക്കാടിന്഼റെ സമയം എന്ന് കവിതയില്഼ നിന്ന്.




Wednesday, January 9, 2013

ഋതുഹര്‍ഷം






തരിക നിന്റെ തൃഷ്ണകളില്‍ നീ കരുതിയ കറുത്ത മുന്തിരികള്‍
ഇരുള്‍ക്കാടുകളില്‍ പൂത്തിറങ്ങിയ ചുവന്ന തെച്ച്ചികള്‍
തരിക നിന്റെ തോരാത്ത രാത്രികള്‍

നല്‍കുവാന്‍ കഴിയുമോ, നിന്റെ താഴ്വരയില്‍ നീ ബന്ധിച്ചു നിര്‍ത്തിയ തീക്കാറ്റിനെ,
നിന്റെ ഞരമ്പിലെ നീല നാഗങ്ങളെ

നിന്റെ മൌനത്തില്‍ മേഘഗര്‍ജ്ജനം ,
വിരല്‍ത്തുമ്പുകളില്‍ വേനല്‍പ്പെരുക്കങ്ങള്‍
നഖങ്ങളോരോന്നും നാഗദന്തങ്ങള്‍

നിന്റെ കിതപ്പില്‍ പൂത്തുലഞ്ഞു കാമനയുടെ കരിമ്പിന്‍ തോട്ടങ്ങള്‍
ഒരു നിശ്വാസത്തില്‍ മഹാസമുദ്രത്തിന്‍ തിരയടികള്‍
ഒരു നോക്കിന്റെ സൂര്യതീകഷ്ണതയില്‍ ഉരുകിത്തിളച്ചതെന്റെ ധ്രുവ ശൈലങ്ങള്‍
കാട്ട് തേന്‍ കൂടുകള്‍ കടന്നു വന്നു മഞ്ഞും മദിരയും കൂടിക്കുഴഞ്ഞ നിന്‍ ഉമിനീരുരവകള്‍

അമ്പുകള്‍ തീര്‍ന്നു പോയി,
തളരുന്നീ വേട്ടക്കാരന്‍
ഇരയല്ല നീയെന്‍ പ്രാണന്‍ എന്നറിയുന്നു.
ചന്ദനം പൂക്കും കുന്നുകള്‍ക്കിടയില്‍
കുഴഞ്ഞു വീഴുന്നെന്‍ ശിരസ്സ്‌
ഉറഞ്ഞു പോകുന്നു കാലവുമിവിടെ,
നിന്നില്‍ വീണടിയുവാന്‍ ഇനിയില്ല ജീവനും ജന്മവും
ഗര്‍ഭപാത്രത്തില്‍ എന്ന പോലെ ഞാന്‍ എന്നും നിന്റെ പ്രണയത്തിന്റെ തടവറയില്‍