Wednesday, September 5, 2012
അങ്ങനെ ഒരു തേങ്ങാക്കാലത്ത്‌...

ഉണരാന്‍ മടിച്ചുകിടക്കുന്ന ഒരു അവധിദിവസത്തില്‍ മുകളില്‍ ഓല പൊളിച്ചു മാറ്റുന്ന ശബ്‌ദവും വെയിലും കേട്ടും കണ്ടും ഞെട്ടിയുണരുന്നു. ചുറ്റും നോക്കുമ്പോള്‍ ഞാന്‍ കിടന്നിരുന്ന പായയും തലയണയും പുതപ്പുമല്ലാതെ മുറിയില്‍ മറ്റൊന്നുമില്ല. മുറിയുടെ മുകളില്‍ കഴുക്കോലില്‍ കയറി ഓല പൊളിക്കുന്ന പണിക്കാരന്റെ ദൃശ്യം കണ്ട്‌ ഒടുവില്‍ ഞാന്‍ `റിയലൈസ്‌' ചെയ്യും- ഇന്ന്‌ ഓലകെട്ട്‌.

ആറുമാസത്തില്‍ ഒരിക്കല്‍ നടക്കന്ന പുരമേയല്‍ അഥവാ ഓലകെട്ട്‌ കുട്ടിക്കാലത്തെ പറ്റിയുള്ള എന്റെ ഓര്‍മ്മകളില്‍ ഓലപ്പൊളിയടരാതെ ബാക്കി നില്‍ക്കുന്നു. സ്വതവേ മടിയനായ ഞാന്‍ കണ്ണുതിരുമ്മി മുറ്റത്തെത്തുമ്പോഴേക്കും വീടും മുറ്റവുമെല്ലാം ഓലമേയലുകാര്‍ കൈയടക്കിയിട്ടുണ്ടാവും. മുറ്റവും കടന്ന്‌ തെക്ക്‌ വശത്തെ മാവിന്റെ ചുവട്ടില്‍ ബാക്കിയുള്ളവരെല്ലാം തമ്പടിച്ചു കഴിയും. അടുപ്പ്‌ കൂട്ടിയും സ്റ്റൗ കത്തിച്ചും ആഹാരം പാകം ചെയ്യാനുള്ള പരിപാടികളും തുടങ്ങിക്കഴിഞ്ഞിരിക്കും. വൈകുന്നേരം ഓലകെട്ടി തീരും വരെ ആകാശത്തിന്‌ കീഴില്‍ ഭക്ഷണം കഴിച്ചും ഉറങ്ങിയും തമാശ പറഞ്ഞും ഞങ്ങള്‍ അന്ന്‌ ഓലകെട്ടല്‍ ആഘോഷിച്ചു പോന്നു. ഓരോ തവണ ഓല കെട്ടുമ്പോഴും വീട്ടുകാര്‍ തീരുമാനിക്കും അടുത്ത തവണ ഓട്‌ മേയുമെന്ന്‌. പഴയ വീടിനെ തൊടാന്‍ മടിച്ച്‌ അതങ്ങനെ നീണ്ടു നീണ്ടു പോയി. പക്ഷേ ഒടുവില്‍ ഓല ഓടിന്‌ വഴിമാറുകയും പലതും പോലെ ഓലകെട്ടലും മുതിര്‍ന്ന ശേഷം ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള ഒന്നായി മാറുകയും ചെയ്‌തു.

തെങ്ങുമായി ബന്ധപ്പെട്ട എന്റെ ഓര്‍മ്മകളില്‍ ആദ്യത്തേത്‌ ആയിരിക്കും ഈ ഓലകെട്ടല്‍. അതിന്‌ മുമ്പ്‌ ഓലകൊണ്ടുള്ള പന്തും പാമ്പും കളിക്കാനായി മുതിര്‍ന്നവര്‍ ഉണ്ടാക്കി തന്നിരുന്നുവെങ്കിലും, ഉറക്കമുണരുമ്പോള്‍ മേല്‍ക്കൂര പൊളിയുന്ന അപനിര്‍മ്മാണ ഓര്‍മ്മയായിരുക്കുമല്ലോ കൂടുതല്‍ പച്ചപിടിച്ചോ ഉണങ്ങിയോ ഒക്കെ കിടക്കുക. അപ്പച്ചിയുടെ വീട്ടില്‍ നിന്നും മഴയുടെ ഈറനുള്ള ഒരു രാവിലെ സ്വന്തം വീട്ടിലേക്ക്‌ അമ്മയുടെയും സഹോദരങ്ങളുടെയും ഒപ്പം നടന്നു വന്നപ്പോള്‍ രണ്ട്‌ മൂന്ന്‌ തവണ ഒറ്റ തെങ്ങിന്‍ തടിയുള്ള പാലം കടന്ന ഓര്‍മ്മകളുണ്ട്‌. ഇപ്പം വീഴും വീഴും എന്ന പേടിയോടെയാണ്‌ പല തവണയും നടന്നതെങ്കിലും തെങ്ങിന്‍ പാലത്തില്‍ നിന്നും ഇതുവരെ വീണിട്ടില്ല.

മെലിഞ്ഞ ഭാഗ്യമുത്തും കറുത്തു തടിച്ച ശാരദയും അമ്മുവും ഓലമെടയാനിരിക്കുമ്പോള്‍ അവര്‍ക്ക്‌ ഉച്ചഭക്ഷണം കൊണ്ടു കൊടുക്കേണ്ട ജോലി എനിക്കായിരുന്നു. പഴങ്കഞ്ഞിയോ മരച്ചീനിയോ എന്തെങ്കിലുമാവും അത്‌. തെങ്ങുകളുടെ നിഴല്‍ വീണ തണുത്ത വഴിയിലൂടെ തിരികെ വരുമ്പോള്‍ `കൊച്ചേ പെട്ടെന്ന്‌ വീട്ടീപ്പോ' എന്ന്‌ ഓലമെടയുന്ന പെണ്ണുങ്ങള്‍ ആരെങ്കിലും പറയുന്നത്‌ വരെ നീര്‍ക്കോലികളെയും മാനത്ത്‌ കണ്ണികളെയും നോക്കി കുളത്തിന്റെ കരയില്‍ കാത്ത്‌ നില്‍ക്കും.

ഓരോ പുരയിടത്തില്‍ നില്‍ക്കുന്ന തെങ്ങിനും ഓരോ പേരുണ്ട്‌. നെടുവരിയന്‍ എന്ന പേര്‌ മാത്രം ഓര്‍മ്മയുണ്ട്‌. നല്ല നീളമുള്ള തേങ്ങയാണ്‌ ഇതിന്‌. വയല്‍ നികത്തി ചാല്‌ കോരിയതിന്റെ കരയില്‍ നില്‍ക്കുന്ന അഞ്ച്‌ തെങ്ങുകളുടെ കരിക്കിനാണ്‌ സ്വാദ്‌ കൂടുതല്‍. വളരെക്കാലം കേസ്‌ നടത്തിയാണ്‌ ഈ പുരയിടം ഞങ്ങള്‍ക്ക്‌ കിട്ടിയത്‌. അതിന്റെ കരിക്കിനായി മാത്രം കേസ്‌ നടത്തിയാലും നഷ്ടമില്ല.

ഓര്‍മ്മയിലെ ആദ്യ തേങ്ങവെട്ടുകാരന്‍ ശ്രീധരന്‍ പണിക്കരാണ്‌. വടക്കോട്ട്‌ പണിക്കന്‍മാര്‍ കവിടി നിരത്തി ആകാശത്തേക്ക്‌ നോക്കി നാവിന്റെ മൂര്‍ച്ച കൊണ്ട്‌ ജീവിച്ചു. ആലൂര്‍ ഉണ്ണിപ്പണിക്കര്‍ ഉദാഹരണം. തെങ്ങുകയറ്റക്കാരന്‍ പണിക്കര്‍ ആകാശത്തേക്ക്‌ ഉയര്‍ന്ന്‌ നില്‍ക്കുന്ന തെങ്ങില്‍ മുളയേണി ചാരി കയറി വെട്ടുകത്തിയുടെ മൂര്‍ച്ച കൊണ്ട്‌ ജീവിച്ചു.

തെക്കുള്ളവര്‍ തെങ്ങില്‍ കയറുന്നവരെ തണ്ടാന്‍ എന്നും വിളിക്കുമായിരുന്നെങ്കിലും ഞങ്ങളുടെ തണ്ടാന്‍ പണിക്കരായിരുന്നു. ഓരോ ദേശത്തും ജാതിപ്പേരും കുലത്തൊഴിലുമെല്ലാം നേര്‍ത്തും കനത്തും വ്യതാസപ്പെട്ടിരുന്നുവല്ലോ.

ഇന്ന്‌ ജിമ്മില്‍ പോയി ആറും എട്ടും മടക്കുകളുള്ള വയറും മസിലുമായി വരുന്ന പയ്യന്‍മാരെ നാണിപ്പിക്കുന്ന ബോഡിയായിരുന്നു പണിക്കരുടേത്‌. പണിക്കിടെ ശകുന്തളയുടെയോ സാവിത്രിയുടെയോ വീട്ടില്‍ പോയി വാറ്റുചാരായം കുടിച്ചു വന്നാല്‍ പണിക്കര്‍ക്ക്‌ ഞങ്ങള്‍ കുട്ടികളോട്‌ സ്‌നേഹം കൂടും. അത്‌ നല്ല കരിക്കിന്റെയും പാട്ടിന്റെയും രൂപത്തില്‍ ഞങ്ങള്‍ക്ക്‌ കിട്ടി. ഇത്തരം സ്‌പിരിറ്റ്‌ ബ്രേക്കുകള്‍ കാരണം തേങ്ങവെട്ട്‌ മഹാമഹം സന്ധ്യവരെ നീണ്ടു. പിന്നെ പണിക്കര്‍ക്ക്‌ വയസായി തുടങ്ങി. ഇഴഞ്ഞിഴഞ്ഞുള്ള തേങ്ങ വെട്ടില്‍ ദിവസം മുഴുവന്‍ പാഴായി. പണിക്കര്‍ക്ക്‌ വയ്യാതായി. എങ്കിലും പണിക്കര്‍ വീണ്ടും വീണ്ടും വന്നു. ഒടുവില്‍ സഹികെട്ട്‌ നിര്‍ബന്ധിച്ച്‌ പണിക്കരുടെ പണി മതിയാക്കിച്ചു.

ഏറ്റവും ഒടുവില്‍ പണിക്കരെ കണ്ടത്‌ അയാള്‍ മകളുടെ കല്യാണം ക്ഷണിക്കാന്‍ വീട്ടില്‍ വന്നപ്പോഴാണ്‌. പിന്നീട്‌ എപ്പോഴോ പണിക്കരുടെ മരണവാര്‍ത്തയും കേട്ടു. കറുത്ത ബലിഷ്‌ഠ ശരീരവും കൊതുമ്പിന്റെയും ചൂട്ടിന്റെയും പൊടിയും വിയര്‍പ്പും ബീഡിപ്പുകയും കലര്‍ന്ന ഗന്ധവും മാത്രം ഓര്‍മ്മയില്‍ ബാക്കിയായി.

പിന്നെ തെങ്ങുകയറ്റക്കാരനായി വന്നത്‌ ഭുവനചന്ദ്രന്‍ എന്ന ചെറുപ്പക്കാരനാണ്‌. ജാതിസമവാക്യങ്ങള്‍ തകര്‍ക്കുക എന്ന്‌ പറയുന്നത്‌പോലെ തണ്ടാനും പണിക്കനുമല്ലാത്ത നായരായിരുന്നു ഭുവനചന്ദ്രന്‍. മറ്റ്‌ ഭുവനചന്ദ്രന്‍മാരെ പോലെ അച്ഛനും അമ്മയും ഇട്ട ഐശ്വര്യമുള്ള പേരില്‍ അറിയപ്പെടാന്‍ ഇയാള്‍ക്കും ഭാഗ്യമുണ്ടായില്ല. ആളുകള്‍ സ്‌നേഹത്തോടെ ഭുവനാ എന്നും പിന്നീടത്‌ ലോപിച്ച്‌ ``പൂനാ..'' എന്നും നീട്ടി വിളിക്കാന്‍ തുടങ്ങി

വളരെ കുറച്ചുകാലമേ പൂനന്‍ തെങ്ങുകയറ്റക്കാരനായിരുന്നുള്ളു. ജോലി മടുത്തത്‌ കൊണ്ടോ മകളെ കെട്ടിക്കുക തുടങ്ങിയ ബാധ്യതകള്‍ തീര്‍ത്തതുകൊണ്ടോ പൂനന്‍ പണി മതിയാക്കി. പൂനന്റെ അന്ത്യാഭിലാഷം ഭുവനചന്ദ്രാ എന്ന്‌ ആരെങ്കിലും സ്‌നേഹത്തോടെ വിളിക്കണമെന്നതാവും.

വീണ്ടും വന്നു തണ്ടാനായി ഒരു നായര്‌. പേര്‌ ശശി. തണ്ടാന്‍മാരും പണിക്കന്‍മാരും മാര്‍ബിള്‍ പണിക്കും ഗള്‍ഫിലുമെല്ലാം പോയപ്പോള്‍ കാശില്ലാതെ നായര്‍ ശശിയായതാവും. പക്ഷേ ശശി അറിയപ്പെട്ടതും മറ്റൊരു പേരിലാണ്‌. ആള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്‌ കൊണ്ട്‌ ആ പേര്‌ എഴുതുന്നില്ല. അപ്പോഴേക്കും തെങ്ങുകയറ്റത്തൊഴിലാളികള്‍ അന്യം നിന്ന്‌ തുടങ്ങിയിരുന്നു. അതുകൊണ്ട്‌ തന്നെ ശശിക്ക്‌ നല്ല ഡിമാന്റായിരുന്നു. ഇടവത്തിലും കര്‍ക്കടകത്തിലും തുലാം മാസത്തിലും മറ്റും മഴയൊന്ന്‌ മാറി വെയില്‍ വരുന്ന ദിവസം നോക്കി അത്യാവശ്യപ്പെട്ട്‌ ശശിയെ വിളിച്ചവരെ ശശി പറ്റിച്ചുകൊണ്ടേയിരുന്നു. വിളിച്ചവര്‍ ശരിക്കും ശശിമാരായി.

പുരയിടത്തില്‍ വന്ന്‌ തന്നെ തേങ്ങ ശേഖരിച്ചുകൊണ്ടുപോകുന്നവരായിരുന്നു തേങ്ങ ഇക്കോണമിയുടെ പ്രധാന ഭാഗം. തമിഴ്‌ വേരുകളുള്ള ചെട്ടിയാര്‍മാരായിരുന്നു ഇവര്‍. ഓര്‍മ്മയിലെ ആദ്യത്തെ ചെട്ടിയാര്‍ പത്മനാഭന്‍ ചെട്ടിയാരാണ്‌. പപ്പനാവന്‍ ചെട്ടിയാര്‍ എന്ന്‌ അടുപ്പമുള്ളവരും ഇല്ലാത്തവരും വിളിച്ചു. പത്മരാജന്റെ പെരുവഴിയമ്പലം എന്ന ചിത്രത്തില്‍ കാണുന്ന ചക്ക്‌ ഞാനാദ്യമായി കാണുന്നത്‌ പപ്പനാവന്‍ ചെട്ടിയാരുടെ വീട്ടിലാണ്‌. പെരുവഴിയമ്പലത്തില്‍ ചെട്ടിയാന്‍മാരെ വാണിയന്‍മാര്‍ എന്നാണ്‌ പറയുന്നത്‌.

പപ്പനാവന്‍ ചെട്ടിയാരുടെ ഭാര്യയുടെ പേര്‌ ഓര്‍മ്മയില്ല. അവര്‍ മരച്ചക്ക്‌ തിരിക്കുന്നതും ചന്തയില്‍ ഉണക്കമീന്‍ വില്‍ക്കാനിരിക്കുന്നതും ഓര്‍മ്മയിലുണ്ട്‌. ചന്ത പിരിഞ്ഞ ശേഷം അത്യാവശ്യം ഉണക്കമീന്‍ വാങ്ങാന്‍ അവരുടെ വീട്ടില്‍ എന്നെ പറഞ്ഞുവിടാറുണ്ടായിരുന്നു. ചെട്ടിയാര്‍ക്ക്‌ നാല്‌ ആണ്‍മക്കളായിരുന്നു. നാലില്‍ ഒരാള്‍ മാത്രമേ കുലത്തൊഴില്‍ തിരഞ്ഞെടുത്തുള്ളു. ഉപ്പനെ പോലെ ചുവന്ന കണ്ണും വെറ്റിലക്കറയുള്ള തടിച്ച ചുണ്ടുമുള്ള രാജേന്ദ്രന്‍ ചെട്ടിയാരായിരുന്നു അത്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന രാജേന്ദ്രന്‍ എല്ലാ വര്‍ഷവും മീനമാസത്തില്‍ ദേശത്തെ ചെട്ടിയാര്‍മാരുടെ കുടുംബക്ഷേത്രമായ ഇശക്കിയമ്മന്‍ കോവിലില്‍ തുള്ളിയുറഞ്ഞു. വേപ്പും മഞ്ഞളും ചേര്‍ന്ന വെള്ളം ഈറനാക്കിയ ശരീരത്തില്‍ ആരോടോ ദേഷ്യമുള്ളതുപോലെ ചാട്ടവാര്‍ കൊണ്ട്‌ ആഞ്ഞടിച്ചു. വളരെ കാലം ഞങ്ങളുടെ തേങ്ങ മൊത്തവിലയ്‌ക്ക്‌ എടുത്തത്‌ രാജേന്ദ്രനായിരുന്നു. ക്രമേണ രാജേന്ദ്രന്‍ കാശ്‌ നല്‍കുന്നതില്‍ മുടക്കം വരുത്താന്‍ തുടങ്ങി. തേങ്ങയെടുക്കാന്‍ വരുമ്പോള്‍ തികഞ്ഞ ശാന്തനും തേങ്ങയുടെ കാശ്‌ ചോദിക്കുമ്പോള്‍ തികഞ്ഞ മദ്യപാനിയുമായി രാജേന്ദ്രന്‍. തേങ്ങ വെട്ടി രണ്ട്‌ ഒഴിവ്‌ കഴിഞ്ഞിട്ടും പൈസ കിട്ടാത്ത സംഭവമുണ്ടായി. (ഒരൊഴിവ്‌ 45 ദിവസമാണ്‌, പൂക്കുല വിരിഞ്ഞ്‌ കരിക്കായി തേങ്ങ വിളയാന്‍ എടുക്കുന്ന സമയം).

പിന്നെയും പിന്നെയും രാജേന്ദ്രന്‍ തേങ്ങ എടുത്തു. എന്നാല്‍ കാശ്‌ കൃത്യമായി തന്നില്ല. തരുന്നത്‌ തന്നെ വിപണി വിലയില്‍ താഴെ. കാശ്‌ ചോദിക്കാന്‍ ചെല്ലുമ്പോള്‍ മദ്യലഹരിയില്‍. പപ്പനാവന്‍ ചെട്ടിയാരുടെ മകന്‍ എന്ന പരിഗണന പട്ടച്ചാരായത്തില്‍ അലിഞ്ഞ്‌ ആവിയായി. തേങ്ങയുടെ കാശ്‌ തരാത്തതിന്റെ കാരണം ബോധിപ്പിക്കാന്‍ മദ്യപിച്ച്‌ വീട്ടില്‍ വന്നത്‌ രാജേന്ദ്രനെ ഒഴിവാക്കാനുള്ള ഒരു കാരണം കൂടിയായി. ചന്തയില്‍ കൊണ്ടുപോയി വിറ്റാലും വേണ്ടില്ല, രാജേന്ദ്രന്‌ തേങ്ങയില്ല. അമ്മയും അമ്മൂമ്മയും ഉറച്ച തീരുമാനമെടുത്തു. ഈ ദേഷ്യത്തിന്‌ ആ വര്‍ഷത്തെ ഇശക്കിയമ്മന്‍ കൊടയ്‌ക്ക്‌ ചാട്ടവാറടിയുടെ എണ്ണം കൂടുമെന്ന്‌ ഞാന്‍ ഊഹിച്ചു. രാജേന്ദ്രനെ ഇശക്കിയമ്മന്‍ ആവേശിക്കുന്ന ഉത്സവരാത്രിയില്‍ ആ പ്രദേശത്തേക്ക്‌ പോലും ഞാന്‍ പോയില്ല. ആള്‍ക്കൂട്ടത്തിനിടയ്‌ക്ക്‌ എന്നെ തിരിച്ചറിഞ്ഞ്‌ തേങ്ങാനഷ്ടത്തിന്റെ കണക്ക്‌ ചാട്ടവാര്‍ കൊണ്ട്‌ എന്റെ ദേഹത്ത്‌ തീര്‍ത്താലോ? പക്ഷേ ഒന്നും സംഭവിച്ചില്ല. ഇശക്കിയമ്മന്‍ തുണൈ.

ആ വര്‍ഷത്തെ ഉത്സവത്തിനും മഞ്ഞള്‍ തൊട്ട നോട്ടീസുമായി മടിച്ചുമടിച്ചാണെങ്കിലും രാജേന്ദ്രന്‍ ചെട്ടിയാര്‍ വീട്ടില്‍ പിരിവിന്‌ വന്നു. മടിക്കാതെ അമ്മ പണം കൊടുത്തു. ബിസിനസ്‌ വേറെ ദൈവം വേറെ എന്ന പാഠം എന്നെ പഠിപ്പിച്ച സംഭവം. പിന്നൊരിക്കല്‍ പാര്‍ട്ടി പിരിവിനും രാജേന്ദ്രന്‍ വന്നു. അമ്മ അന്നും പിരിവ്‌ കൊടുത്തു. ബിസിനസ്‌ വേറെ പാര്‍ട്ടി വേറെ.

പപ്പനാവന്‍ ചെട്ടിയാരുടെ മറ്റ്‌ മക്കള്‍ കുലത്തൊഴിലിലേക്ക്‌ ഇറങ്ങിയില്ല. കറുമ്പന്‍ ചെട്ടിയാര്‍ എന്ന്‌ ഇടം പേരുള്ള ഒരാള്‍ (യഥാര്‍ത്ഥ പേര്‌ അറിയാത്തത്‌ കൊണ്ടാണ്‌ ഇങ്ങനെ എഴുതുന്നത്‌, ക്ഷമിക്കുക) ഗള്‍ഫില്‍ പോയി. മടങ്ങി വന്നപ്പോഴും പേരിനും നിറത്തിനും മാറ്റമുണ്ടായില്ല. ജയന്‍ ചെട്ടിയാര്‍ എന്ന മറ്റൊരു മകന്‍ (ഇദ്ദേഹത്തിനും ഇടം പേരുണ്ട്‌) തയ്യല്‍ക്കാരനായി. റെഡിമേഡ്‌ ഷര്‍ട്ടുകള്‍ വന്നപ്പോള്‍ ചിട്ടിക്കാരനായി. കെ എസ്‌ എഫ്‌ ഇയും സഹകരണ ബാങ്കുകളും വന്നപ്പോള്‍ വേറെ എന്തൊക്കെയോ ബിസിനസ്‌ നടത്തി. ഇടക്കാലത്ത്‌ തേങ്ങ എടുക്കുന്ന കുലത്തൊഴിലും നടത്തി നോക്കി എന്നാണ്‌ ഓര്‍മ്മ.

ചെട്ടിയാന്‍മാര്‍ തേങ്ങ എടുക്കാതാകുമ്പോള്‍ നായന്‍മാരുടെ തേങ്ങകള്‍ തട്ടിന്‍പുറത്ത്‌ കിടന്ന്‌ ഉണങ്ങിപ്പോകുമെന്നും അങ്ങനെ കേരളത്തിന്റെ തേങ്ങാ ഇക്കോണമി തകര്‍ന്നു തരിപ്പണമാകുമെന്നും നാട്ടുചായക്കടയില്‍ ഇരുന്ന്‌ പറഞ്ഞ നാടന്‍ ഇക്കോണമിസ്റ്റുകള്‍ക്ക്‌ തെറ്റി. നായന്‍മാര്‍ തന്നെ തേങ്ങ വിലയ്‌ക്കെടുത്ത്‌ കൊപ്രയാക്കി ജീവിക്കാന്‍ തുടങ്ങി.

അങ്ങനെയാണ്‌ തങ്കു അണ്ണന്‍ എന്നയാള്‍ ഞങ്ങളില്‍ നിന്നും തേങ്ങ എടുക്കാന്‍ തുടങ്ങുന്നത്‌. ``ഞാന്‍ തങ്കു ചെട്ടിയാരുടെ വീട്ടില്‍ പോയി തേങ്ങയുടെ കാശ്‌ വാങ്ങി വരാം'', (അപ്പോഴേക്കും തേങ്ങയുടെ കാശ്‌ വാങ്ങുന്ന ചുമതല ഇളയ മാമനില്‍ നിന്നും എനിക്കായിരുന്നു) എന്ന്‌ അമ്മയോട്‌ പറഞ്ഞപ്പോള്‍. ``അയാള്‍ കേള്‍ക്കണ്ട, തങ്കു ചെട്ടിയാരല്ല. നായരാണെടാ'' എന്ന്‌ അമ്മ പറഞ്ഞപ്പോള്‍ എനിക്ക്‌ വെളിപാടുണ്ടായി. നായന്‍മാര്‍ എടുത്താലും തേങ്ങ പൊങ്ങും.

തങ്കു അണ്ണന്‌ ഏറ്റവും വെറുപ്പ്‌ ഷര്‍ട്ടിടുന്നതിലാണ്‌. ``ഉടുപ്പ്‌ ഇടുമ്പോള്‍ ഒരുമാതിരി പെടച്ചിലാണ്‌ അപ്പീ''. ഇതേ പറ്റി ചോദിച്ചപ്പോള്‍ എന്നോട്‌ പറഞ്ഞു. വൈകുന്നേരം കവലയില്‍ കയറുമ്പോഴാണ്‌ ഉടുപ്പിട്ട തങ്കു അണ്ണനെ കാണാന്‍ സാധിക്കുക. അതും ആദ്യത്തെ മൂന്ന്‌ ബട്ടണുകള്‍ അഴിച്ചിട്ടിരിക്കും. തേമല്‍ പാടുകള്‍ ഉള്ള മെലിഞ്ഞ ദേഹം പ്രദര്‍ശിപ്പിച്ച്‌ തങ്കു അണ്ണന്‍ തേങ്ങ എടുത്തും ചുമന്നും കൊപ്രയാക്കിയും കുടുംബം പോറ്റി. മകളെ ബാംഗ്ലൂരില്‍ അയച്ച്‌ നഴ്‌സിംഗ്‌ പഠിപ്പിച്ചു. ഒമ്പതാം ക്ലാസ്‌കാരനായ മകന്‍ എസ്‌ എഫ്‌ ഐയുടെ യോഗത്തില്‍ പ്രസംഗിക്കുന്നത്‌ കണ്ട തങ്കു അണ്ണന്‍ തകര്‍ന്നുപോയി. അവന്‍ പത്താം തരം കടക്കില്ലെന്ന്‌ ഉറപ്പിച്ചു. അങ്ങനെ അവനെ ടൂ വീലര്‍ വര്‍ക്ക്‌ ഷോപ്പില്‍ കൊണ്ടാക്കി. അവന്‍ അവിടെ നിന്നും പഠിച്ച്‌ മിടുക്കനായി കാര്‍ മെക്കാനിക്കായി.

വിശാലമായ വയലിന്റെ കരയിലുള്ള തങ്കു അണ്ണന്റെ വീട്ടില്‍ തേങ്ങയുടെ പണം വാങ്ങാന്‍ പോകാന്‍ എനിക്കിഷ്ടമായിരുന്നു. ``കൊപ്രയുടെ കാശ്‌ വാങ്ങാന്‍ പോയിരിക്കുകയാണ്‌, ഇപ്പോള്‍ വരും. കൊച്ച്‌ ഇവിടെ ഇരിക്ക്‌'' എന്ന്‌ പറഞ്ഞ്‌ സ്‌നേഹത്തോടെ തങ്കു അണ്ണന്റെ വീട്ടുകാരി എനിക്ക്‌ ചായ ഇട്ടുതരും. അത്‌ അവര്‍ക്ക്‌ ഒരു മകള്‍ ഉള്ളതുകൊണ്ടാണെന്ന്‌ പറഞ്ഞ്‌ അമ്മ എന്നെ കളിയാക്കി.

ഞാന്‍ ചായ കുടിച്ച്‌ തീരുമ്പോഴേക്കും എവിടെ നിന്നെന്നോ എന്ന പോലെ തങ്കു അണ്ണന്‍ ഓടിക്കിതച്ചെത്തും. ``മില്ലുകാരന്‍ പറ്റിച്ചു. കടം വാങ്ങിക്കൊണ്ടാണ്‌ വന്നത്‌'' എന്ന മുഖവുരയോടെ എന്നെ കാശും കണക്കും ഏല്‍പ്പിക്കും. മകളെ കെട്ടിച്ചതോടെ തേങ്ങ എടുക്കുന്ന കച്ചവടവും തങ്കു അണ്ണന്‍ നിര്‍ത്തി.

രാജേന്ദ്രന്‍ ചെട്ടിയാരുടെയും തങ്കു അണ്ണന്റെയും ഗ്യാപ്പില്‍ ഒരു ചെട്ടിയാര്‍ തേങ്ങ എടുക്കാന്‍ വന്നിരുന്നു. പേര്‌ ഓര്‍ക്കുന്നില്ല. കുലത്തൊഴില്‍ ഉപേക്ഷിച്ച്‌ ഗള്‍ഫില്‍ പോയി മടങ്ങി വന്ന ചെട്ടിയാരായിരുന്നു അത്‌. ഏത്‌ നിമിഷവും താന്‍ ഗള്‍ഫിലേക്ക്‌ മടങ്ങിപ്പോകും എന്ന്‌ തോന്നിപ്പിക്കാനാകും സണ്‍ ഗ്ലാസ്‌ വച്ചായിരുന്നു അയാള്‍ തേങ്ങ എടുക്കാന്‍ വന്നിരുന്നത്‌.

തങ്കു അണ്ണന്റെ വീട്ടില്‍ നിന്നും അകലെയല്ലാതെ വയലിന്റെ കരയില്‍ തന്നെയായിരുന്നു സണ്‍ഗ്ലാസ്‌ ചെട്ടിയാരുടെയും വീട്‌. മരയഴി അടിച്ച വീടിന്‌ മുന്നില്‍ ആദ്യമായി കാശ്‌ വാങ്ങാന്‍ ചെന്നപ്പോള്‍ കണ്ണില്‍ പെട്ടത്‌ ചുവരില്‍ ചില്ലിട്ടു വച്ചിരിക്കുന്ന തിരുവള്ളുവര്‍ കവിതയാണ്‌.

` അന്‍പാകെ പേശു
ചിന്തിച്ച്‌ പേശു
സഭയറിഞ്ഞ്‌ പേശു
സമയമറിഞ്ഞ്‌ പേശു....'

ഇതാണ്‌ പ്രസിദ്ധമായ കവിതയുടെ സാരം. അതിന്‌ അടുത്ത്‌ തന്നെ ചെട്ടിയാരുടെ സണ്‍ഗ്ലാസ്‌ വച്ചും വയ്‌ക്കാതെയുമുള്ള കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങളും ചുവന്ന നാവ്‌ നീട്ടി നില്‍ക്കുന്ന ഇശക്കിയമ്മന്റെയും ചിത്രങ്ങള്‍ തൂങ്ങി.

പെട്ടെന്ന്‌ അകത്ത്‌ നിന്ന്‌ `` എന്നെ അടിച്ചു കൊല്ലുന്നേ...'' എന്ന്‌ ഒരു സ്‌ത്രീയുടെ നിലവിളിയും മുഴങ്ങി. ഇതിനകം കാളിംഗ്‌ ബെല്ലില്‍ വിരലമര്‍ത്തിപ്പോയ ഞാന്‍ നില്‍ക്കണോ പോകണോ എന്ന ചിന്താക്കുഴപ്പത്തിലായി.

അകത്ത്‌ നിന്നും ഒന്നും സംഭവിക്കാത്ത പോലെ ചെട്ടിയാരും ഭാര്യയും രണ്ട്‌ കുട്ടികളും പുറത്തു വന്നു. ചെട്ടിയാര്‍ സണ്‍ഗ്ലാസ്സില്ലാതെ എന്നെ നോക്കി ചിരിച്ചു. ``തേങ്ങയുടെ കാശ്‌...'' ഞാന്‍ വിക്കി വിക്കി പറഞ്ഞു. ``അപ്പി ചെല്ല്‌. ഞാന്‍ നാളെത്തെ അങ്ങോട്ട്‌ കൊണ്ട്‌ വരാമെന്ന്‌ അമ്മയോട്‌ പറ''. മര്‍ദ്ദനമേറ്റ യാതൊരു ഭാവവും അയാളുടെ ഭാര്യയുടെ മുഖത്തില്ല. കുട്ടികളും കരച്ചില്‍ നിര്‍ത്തി ഒരു കളിപ്പാട്ടം കണ്ട പോലെ എന്നെ നോക്കി നില്‍ക്കുന്നു. ഞാന്‍ തിരിഞ്ഞു നടന്നു. ``തേങ്ങയ്‌ക്ക്‌ നല്ല വിലയിട്ട്‌ തരണമെന്ന്‌ അവനോട്‌ പറ'' എന്ന്‌ അമ്മ പറഞ്ഞത്‌ ഞാന്‍ ചെട്ടിയാരോട്‌ മിണ്ടിയില്ല. സഭയറിഞ്ഞ്‌ പേശുക എന്നാണല്ലോ തിരുവള്ളുവര്‍ പറഞ്ഞിരിക്കുന്നത്‌. മുറ്റം കടന്ന്‌ വയല്‍വരമ്പിലെത്തിയപ്പോള്‍ വീണ്ടും ചെട്ടിയാരുടെ ഭാര്യയുടെയും കുട്ടികളുടെയും നിലവിളി ഉയര്‍ന്നു.

വരമ്പില്‍ ബീഡി വലിച്ച്‌ നിന്ന ഒരാളോട്‌ ഞാന്‍ പറഞ്ഞു. ``നിങ്ങള്‍ ചെന്ന്‌ നോക്ക്‌. ചെട്ടിയാര്‍ അവരെയും പിള്ളാരെയും തല്ലിക്കൊല്ലും''.
``അയ്യോ അത്‌ അവന്റെ സ്ഥിരം പരിപാടിയാണെടേയ്‌. നമ്മള്‍ പിടിച്ചുമാറ്റാന്‍ ചെന്നാ അവര്‌ ഒന്നാവും. വേറെ വേലയില്ലേ''.

മദ്യപിച്ചു വരുന്ന ഭര്‍ത്താവിന്‌ അറിഞ്ഞുകൊണ്ടു തന്നെ ഒരു വിനോദ ഉപാധിയായി അവര്‍ നിന്നു കൊടുക്കുന്നതാവും. എന്തായാലും ഭാര്യാമര്‍ദ്ദനവും കൊപ്രാക്കച്ചവടവുമായി അധികനാള്‍ ചെട്ടിയാര്‍ നിന്നില്ല. സണ്‍ഗ്ലാസോടെ അയാള്‍ ഗള്‍ഫിലേക്ക്‌ മടങ്ങി.

ഓണമാകുമ്പോള്‍ വില്‍ക്കുന്ന തേങ്ങയുടെ അളവ്‌ കുറയും. കര്‍ക്കിടക കൂരികള്‍ എന്ന്‌ പറയുന്ന പേട്ട്‌ തേങ്ങകള്‍ക്ക്‌ ശേഷം ചിങ്ങം പിറക്കുമ്പോള്‍ നല്ല തേങ്ങകളുണ്ടാവും. അത്‌ ഓണസദ്യയ്‌ക്കുള്ളതാണ്‌. വെട്ടുകാരനും ചുമട്ടുകാരനും സഹായിക്കുമെല്ലാം അധികം തേങ്ങകള്‍ക്ക്‌ പുറമെ ബോണസും കിട്ടും.

തേങ്ങയില്ലാത്ത ഒരു ഓണം ഓര്‍മ്മിക്കാന്‍ പോലുമാകില്ല, മലയാളിക്ക്‌. ഓരോ തെങ്ങിലെ കരിക്കിനും തേങ്ങയ്‌ക്കും ഓരോ രുചിയാണ്‌.

 ``മൊത്തിക്കുടിക്കുമ്പോള്‍ ചെന്തെങ്ങ്‌ ചൊല്ലി, തെക്കേലെ കരിക്കിനേ മധുരമുള്ളു..''

എന്ന്‌ ഭാസ്‌ക്കരന്‍ മാഷ്‌ എഴുതിയത്‌ ഓര്‍മ്മ വരുന്നു. കരിക്കിന്‍ വെള്ളത്തോളം രുചിയുള്ള പാനീയം ഇതുവരെ കുടിച്ചിട്ടുമില്ല. തെങ്ങില്‍ നിന്നുള്ള വരുമാനം കൂടിയാണ്‌ എന്റെ തടിയെങ്കിലും ഒരു തെങ്ങിന്‌ പോലും ഇതുവരെ തടം പിടിച്ചിട്ട്‌ പോലുമില്ല. വല്ലപ്പോഴും തേങ്ങ വെട്ടിന്‌ തേങ്ങ ചുമന്നിടാറുണ്ടായിരുന്നു എന്ന്‌ മാത്രം. പക്ഷേ പാമോയില്‍ വാങ്ങാതെ വില കൂടുതല്‍ കൊടുത്താലും വെളിച്ചെണ്ണ വാങ്ങുന്നതും നൈലോണ്‍ കയര്‍ വാങ്ങാതെ കയര്‍ തന്നെ വാങ്ങുന്നതും എന്നിലെ തേങ്ങാ സംസ്‌കാരത്തിന്റെ നീക്കിയിരുപ്പ്‌ കാരണമാകാം.

തെങ്ങ്‌ മലയാളിയുടെ ജീവിതത്തില്‍ നിന്നും പതുക്കെ പതുക്കെ ഇല്ലാതാകുമോ? തേങ്ങ ഉല്‍പ്പാദനക്ഷമതയില്‍ കേരളത്തെക്കാള്‍ മുന്നിലാണ്‌ തമിഴ്‌നാടെന്ന്‌ എവിടെയോ വായിച്ചു. ശരിയാകുമോ?

തെങ്ങും നെല്ലും വിറ്റും തെങ്ങിന്‍പുരയിടത്തിലും വയലിലും പണിയെടുത്തുമാണ്‌ മലയാളി ഓണം ആഘോഷിച്ചിരുന്നത്‌. അതേ മലയാളി തന്നെ `തേങ്ങാക്കുല' എന്നത്‌ തെറിവാക്കായി ഉപയോഗിച്ചു. അത്‌ ശരിക്കും തെറിയാകരുതേ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.

10 comments:

 1. binuuuu
  manoharamaaya ezhuthu
  ente kuttikkaalathe kure ormakal kondu vannu aa ezhuthu
  nandi

  ReplyDelete
 2. Binu,

  Excellent writing..this story better to say those lines will make rethink about their past and also excite those into rediscovering their missing moments...with a smile.

  ശേരികും മനസ്സില്‍ വന്നു കൂടി, ഓരോ വരിയും വയികുമ്പോള്‍, മുന്നേ ഉണ്ടായ , അനുഭവിച്ച സന്തോഷവും സങ്കടവും .... തേങ്ങ ഇടാന്‍ വരുണന്‍ അങ്കിള്‍ നെ കാത്തു ഇരുന്നതും .. വന്ന പാടെ " എനിക്ക് ഒരു കരിക്ക് " എന്നാ സംസാരം. പിന്നെ ഇടയ്ക്കു തേങ്ങ വീണു ഓടു പൊട്ടുന്നതും പിന്നെ ഞാനും അച്ഛനും അതിന്റെ പുറകില്‍ ...ചെയ്തില്ല എങ്കില്‍ അമ്മയുടെ ശകാരവും .... ഓണം കാലത്ത് ഉള്ല്ലാ ഊഞ്ഞാല്‍ ആട്ടവും എല്ലാം എല്ലാം ഈ ഷോര്‍ട്ട് സ്റ്റോറി വഴി മനസ്സില്‍ തെളിയുന്നു ....

  ബിനു ഇനിയും എഴുതണം ഇത് പോലെ ഉല്ലാ വരികള്‍...അത് വഴി എന്നെ പോലെ ഉള്ള പ്രവാസികള്‍ ക്ക് പഴയ കാല സ്മരണകള്‍ ഒന്ന് പുതുക്കാനും അതില്‍ നിന്ന് മനസിന്‌ ഒരു കുളിര്‍മയും കിട്ടും

  പ്രശാന്ത്

  ReplyDelete
 3. നന്നായി ബിനു.. നന്നായി എന്ന് മാത്രം പറഞ്ഞാല്‍ പോര, വളരെ വളരെ നന്നായി എന്ന് തന്നെ പറയണം...ഒരുപാട് ഓര്‍മ്മകള്‍ മനസ്സിലൂടെ പാറിപറന്നു..എന്നോ മറന്നു പോയ ദൃശ്യങ്ങള്‍ മുന്നിലേക്ക്‌ വന്നത് പോലെ.സത്യം പറഞ്ഞാല്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ തന്നെ ആയി..ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു..എല്ലാ ഭാവുകങ്ങളും..

  ReplyDelete
 4. വളരെ നന്നായിട്ടുണ്ട് ബിനു ചേട്ടാ..
  എനിക്കിത് ഒരുപാടു ഇഷ്ടപ്പെട്ടു..
  വീണ്ടും എഴുതുക..

  ReplyDelete
 5. തേങ്ങ എന്നത് മാര്‍ക്കറ്റില്‍ നിന്നും കാശുകൊടുത്തു വാങ്ങുന്ന ഒരു 'വെജിറ്റബിള്‍ ഐറ്റം' ആയി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് തെങ്ങിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ബ്ലോഗിലൂടെ പങ്കുവയ്ച്ച വേട്ടക്കാരന് എന്റെ അഭിനന്ദനങ്ങള്‍... ഈ തേങ്ങ ഗണപതിക്ക് മുന്നില്‍ അടിച്ചുടച്ചത് അനുഗ്രഹം വാങ്ങിയതായി കരുതികൊണ്ട് വേട്ടക്കാരന്റെ ബ്ലോഗിലൂടെ ജൈത്രയാത്ര തുടരട്ടെ... എല്ലാ ഭാവുകങ്ങളും...

  ReplyDelete
 6. eniikku ippol thenga vettan varunna Sashi de kaaryamanu manasil varunnathu.....ravile 9 manikku mumbu thanne 1000rs undakkum...rs 50/thengu ....onam bonus 500rs...oru maasam engane vannalum 300000rs....nammade naadum valarunnundu.....ninte blog vaazhichappol nostalgic feeling aairunnu....school nte thazhathe thengum toppile cricket kalium ormail vannu...oru pattam suhurthukalum Annie teacher-um koode aa thengin thoppilittu valanjittu pidichathum AA Thomas(kannapante) munpil erinju koduthathum orma vannu.....njanum, Late Prasanth Lal and amareshum aairunnu anubhavichthu.....

  ninte blog kalakki....keep writting....

  MR

  ReplyDelete
 7. ലല്ലലം ചൊല്ലുന്നചെല്ലക്കിളികളെ.. വേടന്‍ കുരുക്കും കടങ്കഥയ്കുത്തരം ചൊല്ലാമോ??


  തേങ്ങായോളം അഹന്ത നിറഞ്ഞ ഒരു ഫലമുണ്ടോ? തലേം പൊക്കിപ്പിടിച്ച് നിക്കുന്ന തെങ്ങിന്റെ മണ്ടേലിരുന്ന് നെഗളിക്കുവല്ലായിരുന്നോ? തെങ്ങോ? ഇടക്കിടെ കല്ലെറിയുന്ന പോലെ വെള്ളക്ക(കൊച്ചിങ്ങ) തലേലോട്ടെറിയും..പിന്നെ ഓലയും..
  ഇപ്പം മണ്ടേലെല്ലാം മണ്ടരി കേറി ഇവറ്റകളുടെ അഹന്ത കുറഞ്ഞു... എന്നാ ജാഢയാ ഇപ്പഴത്തെ തെങ്ങു കയറ്റക്കാര്‍ക്ക്..ആദ്യത്തെ ബഹിരാകാശ ജീവികളല്ല്യോ?
  തെങ്ങില്‍ ആകെ പ്രയോജനം കള്ള് മാത്രമാ..ഒളളത് പറയാമല്ലോ? അതിന് മാത്രം തലക്കനമില്ല.തലക്ക് പിടുത്തം മാത്രം..ചെത്തുകാര്‍ക്കോ ..ഭൂമിയിലെ രാജാക്കന്‍മാരായിട്ടും എന്നാ വിനയമാ..ഇത്രയും മഹത്തരമായ തെങ്ങിന്റെ വിവരങ്ങള്‍ കല്‍പ്പവൃക്ഷമെന്ന ലേബലില്ലാതെ വിന
  യപുരസ്സരം ഓര്‍മ്മകള്‍ പങ്കു വച്ച ബിനുവിന് തെങ്ങിന്‍ മണ്ടയില്‍ നിന്നൊരു അഭിനന്ദനം..തേങ്ങാക്ക് അഹന്തയൊന്നുമില്ല.ചുമ്മാ പറഞ്ഞതാ ..തേങ്ങകള് പാവങ്ങള്...യാതൊരു വിലയുമില്ലാത്ത ദാരിദ്രവാസികള്..... പിന്നെ ബിനു .....കലക്കി..
  I too have a blog-sajithcheruthana@blogspot.com--please watch once in a while and shoot valuable comments..

  ReplyDelete
 8. "കറുത്ത ബലിഷ്‌ഠ ശരീരവും കൊതുമ്പിന്റെയും ചൂട്ടിന്റെയും പൊടിയും വിയര്‍പ്പും ബീഡിപ്പുകയും" anubhavikkatha malayaalikal kuravaaakum......thengu kayaraaan varumbo madichu madichu sudhakaran valyachanodu(njnagal anganeyaanu vilikkuka) karikku ittu tharo ennu chodhikkum.....valya pose aaaanu...ennaalum karikku ittu tharum...ippozhum aaal thanneyaanu kayattam....ksheenamakatttaaan avar kattan chaayaayil pachavellam ozhichaaanu kudikkuka....chilathu orthedukkaan binu chettante writing sahaayichu....veendum ezhuthuka,,,,,....

  ReplyDelete
 9. ബിനു , ഒത്തിരി ഇസ്ടപ്പെട്ടു ഈ അമ്മുമ്മയേയും,അമ്മുമ്മയുടെ കഥ പറയുന്ന കൊച്ചുമകന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും നെടുവീര്പ്പുകളും :).ഇനിയും എഴുതുക.നന്നായിവരും ...

  ReplyDelete