Wednesday, October 31, 2012

       ജലജയുടെ ശബ്ദം അഥവാ അച്ഛന്‍ മലയാളംജലജ എന്ന നടിയെ കുറിച്ച്‌ ആലോചിക്കുമ്പോള്‍ തന്നെ ആ ശബ്ദം എന്തുകൊണ്ടാണ്‌ മനസിലേക്ക്‌ വരുന്നത്‌? വിഷാദവും വിരഹവും പ്രണയവും പരിഭവവും ഒരേ നിറവില്‍ വാര്‍ത്തുവച്ച ശബ്ദശില്‍പ്പമാണ്‌ ജലജ എന്ന്‌ തോന്നിയിട്ടുണ്ട്‌. ശബ്ദത്തിലൂടെ മാത്രം തിരിച്ചറിയപ്പെടാനുള്ള ഭാഗ്യം ഈ നടിക്കുമുണ്ട്‌.

ഷീലയുടെ അതിവൈകാരികത നിറഞ്ഞ ശബ്ദവും ശാരദ മുതല്‍ സീമ വരെയുള്ള നടികളിലൂടെ കേട്ട കോട്ടയം ശാന്തയുടെ ശബ്ദവും മടുത്തിരുക്കുമ്പോഴാവാം മലയാളിയുടെ ശ്രവണസുഖത്തിലേക്ക്‌ ജലജയുടെ തനത്‌ ശബ്ദം കടന്നുവന്നത്‌. ഇന്ന്‌ ഭാഗ്യലക്ഷ്‌മിയുടെ ശബ്ദം ചീവീടിന്റെയോ കാറ്റടിക്കുന്നതിന്റെയോ വാഹനം പോകുന്നതിന്റെയോ ശബ്ദം പോലെ ചിരപരിചിതമായി ചെവി വല്ലാതെ മടുത്തിരിക്കുമ്പോള്‍ ജലജയുടെ ശബ്ദം മധുരമായി കേള്‍ക്കുന്നു, ആ ശബ്ദം എന്നെ കുട്ടിക്കാലത്തേക്ക്‌ വലിച്ചുകൊണ്ടുപോകുന്നു. അന്ന്‌ കണ്ട ചേച്ചിമാര്‍ക്കെല്ലാം ജലജയുടെ മുഖവും ശബ്ദവുമായിരുന്നു. അവര്‍ അടുക്കളപ്പണിയും തീര്‍ത്ത്‌ വീട്ടിലെ പശുവിന്‌ പുല്ലും വെള്ളവും കൊടുത്ത ശേഷം ഹാഫ്‌സാരിയും പാവാടയും ധരിച്ച്‌ പുസ്‌തകവും ചോറ്‌ പാത്രവും മാറോട്‌ ചേര്‍ത്തുപിടിച്ച്‌ സര്‍ക്കാര്‍ കോളേജിലേക്കോ സമാന്തര കോളേജിലേക്കോ തിരക്ക്‌ പിടിച്ച്‌ പോകുന്നവരായിരുന്നു. ജലജയെ പോലെ ഒരു നോട്ടം കൊണ്ട്‌ മാത്രം പ്രണയവും പരിഭവും അറിയിച്ചവരായിരുന്നു. ചെമ്പരത്തി പൂത്തുലഞ്ഞ്‌ നിന്ന കിണറ്റിന്‍കരയില്‍ നിന്ന്‌ കിനാവ്‌ കണ്ടവരായിരുന്നു, കുഞ്ഞനിയന്‍മാരെ വാത്സല്യത്തോടെ ശാസിച്ചവരായിരുന്നു.

മതിലുകള്‍ എന്ന സിനിമയില്‍ ശബ്ദത്തിലൂടെ മാത്രം തിരിച്ചറിയപ്പെടുന്ന കഥാപാത്രമായി വരുന്നത്‌ കെ പി എ സി ലളിതയാണ്‌. ജലജയുടെ ശബ്‌്‌ദമായിരുന്നെങ്കില്‍ ആ
കഥാപാത്രവുമായി മലയാളികള്‍ പ്രണയത്തിലാവുമായിരുന്നു എന്നത്‌ എന്റെ തോന്നലാവാം. പക്ഷേ നാരായണി എന്ന ആ കഥാപാത്രത്തിന്‌ ചേരുന്നതായിരുന്നില്ല ജലജയുടെ ശബ്ദം. കാണാത്ത ഒരു പുരുഷനുമായി ശബ്ദത്തിലൂടെ മാത്രം വികാരപ്രകടനം നടത്തുന്ന തരത്തില്‍ പ്രകടനപരതയുള്ള സ്വഭാവം ജലജയുടെ ശബ്‌്‌ദത്തിന്‌ ചേരില്ല.

മലയാള സിനിമയില്‍ ഇനി ശബ്ദം നല്‍കുവാനും ജലജയ്‌ക്ക്‌ സാധിക്കുമെന്ന്‌ തോന്നുന്നില്ല, കാരണം അത്രമേല്‍ ജലജ എന്ന നടിയുമായി ആ ശബ്ദം ഇഴുകിച്ചേര്‍്‌ന്നിരിക്കുന്നു. മലയാളികള്‍ക്ക്‌ വേറൊരു നടിയില്‍ അത്‌ ചേര്‍ക്കാന്‍ കഴിയില്ല. ശാലിനി എന്റെ കൂട്ടുകാരി, ഗ്രീഷ്‌്‌മം, യവനിക, എലിപ്പത്തായം, മര്‍മരം, ഉള്‍ക്കടല്‍ എന്നീ ചിത്രങ്ങള്‍ വീണ്ടും കാണുമ്പോള്‍ കഥാപാത്രത്തെ എന്ന പോലെ ആ ശബ്ദത്തെയും ഞാന്‍ പിന്തുടര്‍ന്നു. ശോഭ എന്ന നടി അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സ്ഥിരം കൂട്ടുകാരിയായിരുന്നു ജലജയുടെ കഥാപാത്രങ്ങള്‍.

ജലജയുടെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട്‌ മികച്ച കുറെ ഗാനങ്ങളുണ്ട്‌. രാധ എന്ന പെണ്‍കുട്ടിയിലെ 'കാട്ടുകുറിഞ്ഞി പൂവും ചുടി,..' വേനലിലെ 'താന്ത മൃദുല സ്‌മേരമധുമയ ലഹരികളില്‍..'', കാര്യം നിസാരത്തിലെ 'താളം ശ്രുതിലയ താളം', ചില്ലിലെ 'പോക്കുവെയില്‍ പൊന്നുരുകി...'', ശാലിനി എന്റെ കൂട്ടുകാരിയിലെ ''ഹിമശൈല സൈകത...",തുടങ്ങിയ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ജലജയുടെ കഥാപാത്രങ്ങളും ശബ്ദവും പാട്ടിനൊപ്പം പടര്‍ന്നുകയറും.

ഷീലയുടെയോ ജയഭാരതിയുടെയോ സീമയുടെയോ അതിക്രമിച്ചുകയറുന്ന സൗന്ദര്യം ജലജയ്‌ക്കുണ്ടായിരുന്നില്ല. എന്നാല്‍ അതായിരുന്നു ജലജയുടെ സൗന്ദര്യവും. ഒരു നാട്ടിന്‍പുറത്തുകാരി പെണ്ണിന്റെ അടക്കത്തില്‍ ഒതുങ്ങിനില്‍ക്കുന്നതായിരുന്നു ജലജയ്‌ക്ക്‌ ലഭിച്ച കഥാപാത്രങ്ങളും. നഗരത്തിലേക്ക്‌ പറിച്ചുനട്ടപ്പെട്ടപ്പോള്‍ ആ നാടന്‍പൂവുകള്‍ വല്ലാതെ പരിഭ്രമിക്കുകയും വാടിപ്പോവുകയും ചെയ്‌തു. 'മണ്ടന്‍മാര്‍ ലണ്ടനില്‍' എന്ന സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ ലണ്ടനില്‍ എത്തുമ്പോഴും നാട്ടിലിരിക്കുന്ന അമ്മ വഴക്കുപറയും എ്‌ന്നോര്‍ത്ത്‌ ഭയക്കുന്നുണ്ട്‌ ജലജയുടെ കഥാപാത്രം. ലെനിന്‍ രാജേന്ദ്രന്റെ ആദ്യ ചിത്രമായ വേനലില്‍ നഗരത്തില്‍ എത്തുമ്പോഴും ചുറ്റുമുള്ളവര്‍ കാപട്യത്തിന്റെ മുഖംമൂടി അണിയുമ്പോഴും അവള്‍ അടിമുടി നാട്ടിന്‍പുറത്തുകാരിയായ കൗമാരക്കാരിയായി തുടരുകയും ഒടുവില്‍ വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. മഹായാനത്തില്‍ ഭര്‍ത്താവ്‌ നഷ്ടപ്പെട്ട ജലജയുടെ കഥാപാത്രത്തോട്‌ സാമര്‍ത്ഥ്യം കാണിച്ച്‌ ഭര്‍ത്താവിന്റെ സുഹൃത്തിനെ സ്വന്തമാക്കാനാണ്‌ അമ്മ പറയുന്നത്‌. പൊട്ടിപ്പെണ്ണ്‌ എന്ന്‌ ഇടയ്‌ക്കിടെ അവളെ അമ്മ കുറ്റം പറയുന്നുണ്ട്‌. ചിത്രത്തി്‌ന്റെ അവസാനം വരെ അവള്‍ പൊട്ടിപ്പെണ്ണായി തുടരുകയും ചെയ്യുന്നു.


ശാലിനി എന്റെ കുട്ടുകാരിയില്‍ ശോഭയോടൊപ്പം ജലജ
കുട്ടനാട്ടുകാരിയായ ജലജയെ കുട്ടനാട്ടുകാരന്‍ തന്നെയായ നെടുമുടി വേണുവാണ്‌ സിനിമയില്‍ എത്തിച്ചത്‌. നെടുമുടിയും ഫാസിലും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത സാലഭഞ്‌ജിക എന്ന നാടകത്തിലാണ്‌ ജലജയുടെ അരങ്ങേറ്റം. ജലജ അന്ന്‌്‌ ആലപ്പുഴയില്‍ പ്രീഡിഗ്രിക്ക്‌ പഠിക്കുന്നു. നെടുമുടി തന്നെയാണ്‌ അരവിന്ദന്റെ തമ്പിലേക്ക്‌ ജലജയുടെ പേര്‌ നിര്‍ദേശിക്കുന്നത്‌. കെ ജി ജോര്‍ജ്ജ്‌്‌, അരവിന്ദന്‍, പത്മരാജന്‍, മോഹന്‍, ലെനിന്‍ രാജേന്ദ്രന്‍, അടൂര്‍, ഭരതന്‍, ടി. വി. ചന്ദ്രന്‍ എന്നിങ്ങനെ മികച്ച സംവിധായകരുടെ പ്രിയ നടിയാണ്‌ ജലജ. വേനലിലെ അഭിനയത്തിനാണ്‌ ജലജയ്‌ക്ക്‌ ആദ്യ സംസ്ഥാന അവാര്‍ഡ്‌ ലഭിക്കുന്നത്‌.

ജലജയുടെ ശബ്ദത്തില്‍ നല്ല മലയാളം കേള്‍ക്കുമ്പോള്‍ നമ്മള്‍ ജലജയുടെ അച്ഛന്‍ വാസുദേവന്‍ പിള്ളയ്‌ക്ക്‌ നന്ദി പറയുക. മലേഷ്യയില്‍ ഇംഗ്ലീഷ്‌ പ്രൊഫസറായിരുന്നു അദ്ദേഹം. ജലജ ജനിച്ചതും വളര്‍ന്നതും മലേഷ്യയിലായിരുന്നു. പക്ഷേ മകള്‍ മലയാളം പഠിക്കണമെന്നത്‌ അച്ഛന്റെ നിര്‍ബന്ധമായിരുന്നു. മലേഷ്യയിലെ സ്‌്‌കൂളില്‍ മലയാളം ഇല്ലാത്തതിനാല്‍ അച്ഛന്‍ തന്നെ ജലജയെ വീട്ടില്‍ മലയാളം പഠിപ്പിച്ചു. വീട്ടില്‍ മലയാളം തന്നെ പറയണമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. പിന്നീട്‌ കുടുംബം ചെന്നൈയിലേക്ക്‌ താമസം മാറിയപ്പോള്‍ മലയാളം പഠിപ്പിക്കുന്ന വിഖ്യാതമായ ആശാന്‍ മെമ്മോറിയല്‍ സ്‌ക്ക്‌ൂളില്‍ തന്നെ ജലജയെ ചേര്‍ത്തു.

ഇംഗ്ലീഷ്‌ പ്രൊഫസറായിരുന്ന വാസുദേവന്‍ പിള്ളയ്‌ക്ക്‌്‌ മാതൃഭാഷയോട്‌ പുച്ഛമായിരുന്നെങ്കില്‍ മകളെ നിര്‍ബന്ധിച്ച്‌ മലയാളം പഠിപ്പിച്ചി്‌ല്ലായിരുന്നെങ്കില്‍ നമുക്ക്‌ ജലജയുടെ മധുര ശബ്ദം കേള്‍ക്കാന്‍ ഭാഗ്യമുണ്ടാവുമായിരുന്നില്ല, എന്തിന്‌ ജലജ എന്ന നടി പോലും ഉണ്ടാവുമോ എന്ന്‌ സംശയമാണ്‌.
അമ്മ മലയാളത്തിന്റെ മഹത്വം മകളെ മനസിലാക്കിച്ച ആ അച്ഛന്‌ നന്ദി. സ്വന്തം മക്കളുടെ ശബ്ദം അന്യഭാഷയില്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ട രക്ഷിതാക്കളോട്‌ 
നമുക്ക്‌ സഹതപിക്കാം.3 comments:

 1. അമ്മ മലയാളത്തിന്റെ മഹത്വം മകളെ മനസിലാക്കിച്ച ആ അച്ഛന്‌ നന്ദി. സ്വന്തം മക്കളുടെ ശബ്ദം അന്യഭാഷയില്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ട രക്ഷിതാക്കളോട്‌ നമുക്ക്‌ സഹതപിക്കാം.
  binuetta valare nannaayittundu... thankssssssssss

  ReplyDelete
 2. ഇന്നത്തെ മലയാളം ടെലിവിഷന്‍ ചാനലുകളിലൂടെ അമ്മമലയാളത്തെ കൊല്ലുന്ന അവതാര(ട)കമാരുടെ അച്ഛന്മാര്‍ക്ക് ജലജയുടെ അച്ഛനില്‍ നിന്നും പഠിക്കാന്‍ ഉണ്ട്, ഒരുപാടൊരുപാട്!!!
  www.vaartha.weebly.com

  ReplyDelete
 3. പക്ഷേ ഇതിനു വേറൊരുവശവും ഉണ്ട്..
  ഭാഷയും സംസ്കാരവും.. അന്യഭാഷയില്‍ കേള്‍ക്കുക,, സംസ്ക്കാരം എന്തെന്നറിയുക..
  മോശമായത് അനുകരിക്കാതിരിക്കുക..
  ഉസ്താദ്ഹോട്ടലിലെ അമ്മായിയും,...വട്ടാക്കുന്ന പാട്ടും,..
  എനിക്ക്‌ അത്രയ്ക്കൊന്നും ഇഷ്ടപ്പെടാതിരുന്നില്ല...

  ReplyDelete