Wednesday, January 9, 2013

ഋതുഹര്‍ഷം






തരിക നിന്റെ തൃഷ്ണകളില്‍ നീ കരുതിയ കറുത്ത മുന്തിരികള്‍
ഇരുള്‍ക്കാടുകളില്‍ പൂത്തിറങ്ങിയ ചുവന്ന തെച്ച്ചികള്‍
തരിക നിന്റെ തോരാത്ത രാത്രികള്‍

നല്‍കുവാന്‍ കഴിയുമോ, നിന്റെ താഴ്വരയില്‍ നീ ബന്ധിച്ചു നിര്‍ത്തിയ തീക്കാറ്റിനെ,
നിന്റെ ഞരമ്പിലെ നീല നാഗങ്ങളെ

നിന്റെ മൌനത്തില്‍ മേഘഗര്‍ജ്ജനം ,
വിരല്‍ത്തുമ്പുകളില്‍ വേനല്‍പ്പെരുക്കങ്ങള്‍
നഖങ്ങളോരോന്നും നാഗദന്തങ്ങള്‍

നിന്റെ കിതപ്പില്‍ പൂത്തുലഞ്ഞു കാമനയുടെ കരിമ്പിന്‍ തോട്ടങ്ങള്‍
ഒരു നിശ്വാസത്തില്‍ മഹാസമുദ്രത്തിന്‍ തിരയടികള്‍
ഒരു നോക്കിന്റെ സൂര്യതീകഷ്ണതയില്‍ ഉരുകിത്തിളച്ചതെന്റെ ധ്രുവ ശൈലങ്ങള്‍
കാട്ട് തേന്‍ കൂടുകള്‍ കടന്നു വന്നു മഞ്ഞും മദിരയും കൂടിക്കുഴഞ്ഞ നിന്‍ ഉമിനീരുരവകള്‍

അമ്പുകള്‍ തീര്‍ന്നു പോയി,
തളരുന്നീ വേട്ടക്കാരന്‍
ഇരയല്ല നീയെന്‍ പ്രാണന്‍ എന്നറിയുന്നു.
ചന്ദനം പൂക്കും കുന്നുകള്‍ക്കിടയില്‍
കുഴഞ്ഞു വീഴുന്നെന്‍ ശിരസ്സ്‌
ഉറഞ്ഞു പോകുന്നു കാലവുമിവിടെ,
നിന്നില്‍ വീണടിയുവാന്‍ ഇനിയില്ല ജീവനും ജന്മവും
ഗര്‍ഭപാത്രത്തില്‍ എന്ന പോലെ ഞാന്‍ എന്നും നിന്റെ പ്രണയത്തിന്റെ തടവറയില്‍

No comments:

Post a Comment