Thursday, September 27, 2012

ഒരു സ്‌ത്രീയുടെ കഥ, ഒരുപാട്‌ തലമുറകളുടെയും


"ചേച്ചി ഈ കൊച്ചിനെ കൊടുത്തുവിട്‌, ദീനം പിടിച്ച ഇതെങ്ങാനും ഇല്ലാതായാല്‍ ചേച്ചി സമാധാനം പറയേണ്ടി വരും. തള്ളയുടെ അടുത്താവുമ്പോള്‍ നമുക്ക്‌ പേടിക്കണ്ട".
എന്റെ അമ്മൂമ്മയോട്‌ അവരുടെ സഹോദരിയാണ്‌ ഇത്‌ പറഞ്ഞത്‌. അവര്‍ ആ കുഞ്ഞിനെ തള്ളയുടെ അടുത്തേക്ക്‌ അയച്ചില്ല. ആ കുഞ്ഞ്‌ ദീനം വന്ന്‌ ചത്തുപോയില്ല എന്നതിന്‌ ഇതെഴുതാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഞാന്‍ തന്നെ തെളിവ്‌. എന്ത്‌ ധൈര്യത്തിലാണ്‌ ദീനക്കാരനായ എന്നെ അമ്മയുടെ അടുത്തേക്ക്‌ അയക്കാതെ വളര്‍ത്താന്‍ അമ്മൂമ്മ തീരുമാനിച്ചതെന്ന്‌ ഇപ്പോഴും അറിയില്ല. എന്നാല്‍ സുരക്ഷിതമായ ആ കൈകളില്‍ കിടന്ന്‌ വളര്‍ന്ന ആദ്യത്തെ കുട്ടിയല്ല ഞാന്‍. എനിക്ക്‌ മുമ്പും ശേഷവും കുടുംബത്തിലെ കുട്ടികള്‍ അമ്മൂമ്മയുടെ സുരക്ഷിതമായ കൈകളിലൂടെ കടന്നുപോയി.

എനിക്ക്‌ ഒരു വയസാകുന്നതിന്‌ മുമ്പേ എന്നെ അമ്മൂമ്മയുടെ അടുത്താക്കി ചേട്ടനെയും കൂട്ടി അമ്മയ്‌ക്ക്‌ അച്ഛന്റെ ജോലിസ്ഥലത്തേക്ക്‌ പോകേണ്ടി വന്നു. എന്നെ കൂടെ കൂട്ടാത്തതിന്‌ കാരണം അനിയത്തിയുടെ ആസന്നമായ വരവായിരിക്കാം. അല്ലെങ്കില്‍ അച്ഛന്റെ ജോലിസ്ഥലമായ ഉത്തരേന്ത്യയിലെ കൊടും ശൈത്യവും വേനലും എന്നെ ബാധിക്കരുതെന്ന കരുതലുമാകാം. ആ പഴയകാലത്തെ ഓര്‍മ്മകള്‍ നിറകണ്ണുകളോടെ അല്ലാതെ പറയാന്‍ ഇപ്പോഴും എന്റെ അമ്മൂമ്മയ്‌ക്കാവില്ല. ആ സ്‌നേഹവും വാത്സല്യവും വീണ്ടും അറിയാനും ആ കാലത്തെ ഓര്‍മ്മയുടെ തിരശീലയില്‍ സങ്കല്‍പ്പിച്ച്‌ ആസ്വദിക്കാനും വീണ്ടും വീണ്ടും അമ്മൂമ്മയെ കൊണ്ട്‌ ഇപ്പോഴും ഞാന്‍ അതൊക്കെ പറയിക്കും.

പൊതുപ്രവര്‍ത്തകനായ അപ്പൂപ്പനും കോളേജിലും ഹൈസ്‌ക്കൂളിലുമൊക്കെ പഠിക്കുന്ന അമ്മൂമ്മയുടെ മക്കളും രാവിലെ ഇറങ്ങിക്കഴിഞ്ഞാല്‍ ആ വലിയ വീട്ടില്‍ ഞാനും അമ്മൂമ്മയും മാത്രമാകും. ആകെ കൂട്ടിനുണ്ടാവുക തവിട്ടുനിറമുള്ള റൂബി എന്ന നായയും തൊഴുത്തിലെ പശുക്കളും. വീടിന്റെ വരാന്തയില്‍ നിന്നും താഴേക്ക്‌ നോക്കിയാല്‍ വിശാലമായ നെല്‍പ്പാടമാണ്‌. ചിലപ്പോള്‍ ഞാറ്‌ നടാനോ കൊയ്‌ത്തിനോ ഓല മെടയാനോ ഒക്കെ എത്തിയ പണിക്കാര്‍ വയലിലുണ്ടാകും. അവരോട്‌ പറഞ്ഞിട്ടാണ്‌ എന്നെ ഉറക്കിക്കിടത്തി അമ്മ (അമ്മൂമ്മയെ ഈ അടുത്ത കാലം വരെ ഞാന്‍ അങ്ങനെയാണ്‌ വിളിച്ചിരുന്നത്‌) അത്യാവശ്യം സാധനങ്ങള്‍ വാങ്ങാന്‍ ചന്തയില്‍ പോവുക. ഒരിക്കല്‍ ഇതുപോലെ അമ്മൂമ്മ പോയ ശേഷം ഉണര്‍ന്ന്‌ തൊട്ടിലില്‍ കിടന്ന്‌ കരഞ്ഞ ഞാനെന്ന കുഞ്ഞിനെ എടുത്ത്‌ സമാധാനിപ്പിക്കാന്‍ ഞാറ്‌ നടുകയായിരുന്ന പണിക്കാരി ഓടിയെത്തി. എന്നാല്‍ കുരച്ച്‌കൊണ്ട്‌ തൊട്ടിലിന്‌ സമീപം നിന്ന റൂബി അവരെ അടുപ്പിച്ചില്ല. സ്വതവേ ശാന്തനായ ആ നായയുടെ രൗദ്രഭാവം ആദ്യമായാണ്‌ അവര്‍ കാണുന്നത്‌. ഞാന്‍ മുതിര്‍ന്ന ശേഷവും എന്നെ കാണുമ്പോള്‍ ഈ സംഭവം പറഞ്ഞ്‌ ആ പണിക്കാരത്തി എന്നെ നോക്കി പല്ലില്ലാത്ത മോണകാട്ടി ചിരിക്കുമായിരുന്നു. അന്ന്‌ കുഞ്ഞിനെ ഉറക്കിക്കിടത്തി നെഞ്ചിടിപ്പോടെ ധൃതിയില്‍ ചന്തയില്‍ പോയി വന്ന അമ്മയുടെ ആധി ഒരു അച്ഛനായപ്പോഴാണ്‌ എനിക്ക്‌ മനസിലായത്‌.

അതൊരു വലിയ വീടായിരുന്നു. വലുതെന്നാല്‍ വിസ്‌്‌തൃതി കൊണ്ടും മനസുകൊണ്ടും. അപ്പൂപ്പന്റെ ഉദാരമനസ്‌കത കൊണ്ട്‌ അടുത്തതും അകന്നതുമായ പല ബന്ധുക്കളുടെയും താവളമായിരുന്നു ആ വീട്‌. ഞാന്‍ മുതിര്‍ന്ന ശേഷവും കുറഞ്ഞത്‌ 25 പേരെങ്കിലും അവിടെ ഉണ്ടായിരുന്നു. ചെവിക്ക്‌ തകരാറുള്ള ഒരു അമ്മായി, അച്ഛന്റെ ഒരു സഹോദരി, അസാമാന്യ സൗന്ദര്യമുള്ള വൃദ്ധദമ്പതികള്‍..അങ്ങനെ പലര്‍ക്കും ആ വീട്‌ അഭയമായി.

കുട്ടികള്‍ക്ക്‌ ഭക്ഷണം നല്‍കാന്‍ നിവൃത്തിയില്ലാതിരുന്ന മാധവിയമ്മ അമ്മൂമ്മയുടെ സഹായത്താല്‍ അവരുടെ വിശപ്പടക്കി. പിന്നീട്‌ മാധവിയമ്മയുടെ മക്കള്‍ വളര്‍ന്ന്‌ പഠിച്ചും പഠിക്കാതെയും ഉയര്‍ന്ന നിലയിലെത്തിയ കഥ അമ്മൂമ്മ പറയുമായിരുന്നു.

ആ വീട്‌ അങ്ങനെയായതില്‍ അമ്മൂമ്മയുടെ പങ്ക്‌ വലുതായിരുന്നു. എങ്ങനെയാണ്‌ ഇത്രയും പേര്‍ക്ക്‌ ഭക്ഷണം ഉണ്ടാക്കി വിളമ്പിയതെന്ന്‌ എനിക്കറിയില്ല. അന്ന്‌ ഗൃഹജോലിക്ക്‌്‌ സഹായിക്കുന്ന യന്ത്രങ്ങളൊന്നുമില്ല. ഉരലും ഉലക്കയും അമ്മിക്കല്ലും സാധാരണ അടുപ്പും മാത്രം. കിണറില്‍ നിന്നും വെള്ളം കോരിക്കൊണ്ടു വരണം. ഉറികള്‍ തൂങ്ങിക്കിടക്കുന്ന ആ അടുക്കള ഒരു അത്ഭുതമായിരുന്നു. അവിടെ നിന്നും വിശപ്പടക്കിയവര്‍ ഒരിക്കലും മറക്കാത്ത അടുക്കള. പറമ്പില്‍ നിന്നുമെടുത്ത ചേമ്പില്‍ നിന്നും ഇലകളില്‍ നിന്നുമെല്ലാം അമ്മൂമ്മ രുചിയുടെ അത്ഭുതങ്ങള്‍ തീര്‍ത്തു. ആ അടുക്കളയും അടുപ്പും എന്തിന്‌ അറയും നിരയുമുണ്ടായിരുന്ന ആ വലിയ വീടുമെല്ലാം പുതിയ വീടിന്‌ വഴിമാറി. എങ്കിലും അമ്മൂമ്മയുണ്ടാക്കിയ വിഭവങ്ങളുടെ രുചി മരണം വരെയും നാവില്‍ നിന്നും മായില്ല. തകര്‍ക്കപ്പെടുന്നതിന്‌ മുമ്പ്‌ ആ അടുപ്പിന്റെ ചിത്രം ഞാന്‍ എടുത്ത്‌ സൂ്‌ക്ഷിച്ചു.

ഒരു പരാതിയുമില്ലാതെ അമ്മൂമ്മ ജീവിച്ചു. ഒളിവുജീവിതത്തിനിടയില്‍ സഖാക്കളോടൊപ്പം വിശന്നു വലഞ്ഞെത്തിയ അപ്പൂപ്പന്‌ ഭക്ഷണം ഉണ്ടാക്കി വിളമ്പി വച്ചപ്പോഴേക്കും പൊലീസ്‌ എത്തിക്കഴിഞ്ഞ കഥ എത്രയോ തവണ അമ്മൂമ്മയെ കൊണ്ട്‌ ഞാന്‍ പറയിച്ചിട്ടുണ്ട്‌. ഊണ്‌ കഴിഞ്ഞാലുടന്‍ കൂടെ വരാമെന്ന്‌ പറഞ്ഞ്‌ അപ്പൂപ്പനും കെ. വി. സുരേന്ദ്രനാഥും കാട്ടായിക്കോണം സദാനന്ദനും പിന്നെ പൊലീസിനെ വെട്ടിച്ചു കടന്നതുമെല്ലാം പറയുമ്പോഴേക്കും അമ്മൂമ്മയുടെ കണ്ണ്‌ നിറയുമായിരുന്നു.

ഒളിവ്‌ ജീവിതം തീര്‍ന്ന ശേഷവും അപ്പുപ്പനോടൊ്‌പ്പം വിശന്നെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ ഭക്ഷണം വിളമ്പുന്ന നല്ലൊരു അമ്മയായിരുന്നു അമ്മൂമ്മ. മക്കള്‍ വലുതായ ശേഷം അമ്മൂമ്മയുടെ ജീവിതം അപ്പൂപ്പന്‌ ചുറ്റുമായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്‌ ശേഷം എത്തുന്ന ഭര്‍ത്താവിനെ പാതിരാവോളം ഒരു മടിയും പരാതിയുമില്ലാതെ അമ്മൂമ്മ കാത്തിരുന്നു. വൈകിയെത്തുന്ന പലഹാരത്തിന്റെ ഓര്‍മ്മയില്‍ ഇരുട്ടത്ത്‌ അപ്പൂപ്പന്റെ ബീഡി കത്തുന്ന വെളിച്ചവും നോക്കി ഞാനും അത്താഴ ശേഷം അപ്പൂപ്പന്‍ നല്‍കുന്ന ഉരുള കൊതിച്ച്‌ റൂബിയും കാത്തിരിന്നു.

സ്‌ത്രീ പൂര്‍ണയാകുന്നത്‌ അമ്മയാകുമ്പോഴാണ്‌ എന്നാണ്‌ പറയുക. എന്നാല്‍ അമ്മയുടെ പൂര്‍ണത അമ്മൂമ്മയാകുമ്പോഴല്ലേ എന്ന്‌ തോന്നിയിട്ടുണ്ട്‌. മക്കള്‍ക്ക്‌ കൊടുക്കാന്‍ കഴിയാത്ത സ്‌നേഹവും വാത്സല്യവും ഇരട്ടിയോടെ പേരക്കുട്ടികള്‍ക്ക്‌ നല്‍കുമ്പോഴാവും ഒരിക്കല്‍ അമ്മയും അച്ഛനുമായിരുന്നവര്‍ പൂര്‍ണ സംതൃപ്‌തരാവുക. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന്‌ അപ്പൂപ്പന്‍ ഏറെ നിര്‍ബന്ധിച്ചിട്ടും കൂടെ പോകാത്ത അമ്മൂമ്മ എന്നോടുള്ള വാത്സല്യവും സ്‌നേഹവും കൊണ്ട്‌ മാത്രമാകും എന്നെ കാണാന്‍ അച്ഛന്റെ ഉത്തരേന്ത്യയിലെ ജോലി സ്ഥലത്ത്‌ വന്നത്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.



എന്റെ ഓര്‍മ്മയില്‍ കറ്റ മെതിക്കുന്ന അമ്മൂമ്മയുടെ ചിത്രമുണ്ട്‌, ഓണക്കാലമായി എന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ മുറ്റം ചാണകം മെഴുകി വെടിപ്പാക്കുന്ന അമ്മൂമ്മയുടെ ചിത്രമുണ്ട്‌. ദീനക്കാരനായിരുന്ന രണ്ടോ മൂന്നോ വയസുള്ള എന്നെ ചുമന്ന്‌ മെഡിക്കല്‍ കോളേജിന്‌ മുന്നിലൂടെ വെയിലത്ത്‌ നടക്കുന്ന അമ്മൂമ്മയുടെ ദൃശ്യമുണ്ട്‌. കുഞ്ഞമ്മയുടെയും മാമന്‍മാരുടെയും കുഞ്ഞുങ്ങളെ പാളയില്‍ കിടത്തി കുളിപ്പിച്ചിരുന്ന അമ്മൂമ്മയുടെ കൈത്തഴക്കം എന്റെ അമ്മയ്‌ക്കും കിട്ടിയിട്ടില്ല. അടുത്ത കാലത്ത്‌ ഐ സി യു വില്‍ കിടന്ന അമ്മൂമ്മയുടെ ദൃശ്യം എന്തുകൊണ്ടോ ഞാന്‍ ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇപ്പോള്‍ വാര്‍ധക്യത്തിന്റെ പീഡകള്‍ അമ്മൂമ്മയെ തളര്‍ത്തുന്നുണ്ട്‌.

27 വര്‍ഷം മുമ്പ്‌ അപ്പൂപ്പന്റെ മരണമാണ്‌ അമ്മൂമ്മയെ ശാരീരികമായും മാനസികമായും തളര്‍ത്തിയതെന്ന്‌ ഞാന്‍ കരുതുന്നു. അത്‌ വരെ ആ വലിയ മനുഷ്യന്‌ വേണ്ടി ആ നിഴലില്‍ കഴിയുന്നതായിരുന്നു അമ്മൂമ്മയുടെ ജീവിതം. അപ്പൂപ്പന്റെ ചിതയെരിയുമ്പോള്‍ അതിന്‌ അടുത്ത്‌ നിന്നും മാറാതെ നിന്ന റൂബി പിന്നെ അധികനാള്‍ ജീവിച്ചില്ല.

അമ്മൂമ്മയ്‌ക്ക്‌ ജീവിച്ചേ മതിയാകുമായിരുന്നുള്ള. പിന്നെയും തലമുറകളുടെ നെറുകയില്‍ തലോടാന്‍ ഇങ്ങനെ ഒരു അമ്മ വേണമെന്ന്‌ കാലത്തിന്‌ തോന്നിയിരിക്കാം. എന്റെ മകള്‍ക്ക്‌ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹവും ഭാഗ്യവും അവളുടെ അച്ഛന്റെ ജീവന്‍ നിലനിര്‍ത്തിയ മുത്തശ്ശിയെ കാണാനും അവരുടെ വാത്സല്യം അനുഭവിക്കാനും കഴിഞ്ഞതാണെന്ന്‌ ഞാന്‍ കരുതുന്നു. നാളെ അവളും ഇങ്ങനെ ഒരു മുത്തശ്ശിയാകേണ്ടതാണ്‌. തലമുറകളില്‍ നിന്നും തലമുറകളിലേക്ക്‌ കടന്നുപോകുന്ന കരുതലിന്റെയും വാത്സല്യത്തിന്റെയും വൈദ്യുതപ്രവാഹമല്ലേ സത്രീ?




19 comments:

  1. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും കുട്ടിക്കാലം,, അമ്മൂമ്മ,,, ഓര്‍ത്തത് നന്നായി,, ആയുഷ്മാന്‍ ഭവ,,,!!

    ReplyDelete
  2. കൊള്ളാം .... മനസ്സില്‍ ഒരായിരം ലഡ്ഡു പൊട്ടി എന്നത് പോലെ ഒരായിരം ഓര്‍മകള്‍ വിരിഞ്ഞു ..... എന്നാലും മനസിന്റെ ഉള്ളില്‍ ഒരു മഴയോളം ദുഃഖം ഇപ്പോളും ഉണ്ടേ, അതിന്റെ കാരണം എനിക്ക് മാത്രം അറിയാം....ഇവിടെ പറയാനും വയ്യാ .......എന്നാലും ഈ ഓര്‍മ്മ നമ്മുടെ ജീവിതത്തിന്റെ നാളെ കുറിച്ച് ഉള്ള ഒരു കുറുപ്പ് കൂടി ആണ്....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
    Replies
    1. മനസ്സിലെ നന്മ നിറഞ്ഞ സ്നേഹപാത്രം തഉളുമ്പി തൂവിപ്പോയതാണല്ലേ...നന്നായി...

      Delete
  4. ഈ കാലഘട്ടത്തില്‍....ഈ മാറ്റക്കാര്‍കോളുള്‍ത്തിടമ്പില്‍ സ്വാര്‍ത്ഥത മുറിവെഴും നീറ്റക്കാലത്തില്‍..... പഴങ്കഥമധുരകഞ്ഞി നാവിലമൃതമായി , ഇമ്പമായി കാതില്‍ തൂങ്ങുന്ന വളയക്കമ്മലിന്‍ സ്നേഹത്തൂക്കവുമായി മുതുമുത്തശ്ശിമാര്‍ എന്ന ദേവതമാര്‍ തേന്‍വരിക്കയുടെ അമ്മിഞ്ഞച്ചുളയും സാരോപദേശ പാല്‍പ്പായസത്തിന്‍ സ്നേഹമധുരവുമായെത്തുന്നത് സ്വപ്നമായിക്കാണുക പോലും ഭാഗ്യം..ദുഷ്കരം..
    അപ്രകാരം ഒരു ദേവതയെ നിനച്ച് നമിക്കാന്‍ ഇന്നും അനുഗൃഹിക്കപ്പെട്ട ബിനൂ, നമിക്കുന്നു..സാഷ്ടാംഗം..ആ ദേവതയെ ... പിന്നെ തവ ഭാഗ്യത്തെയും...

    ReplyDelete
  5. binu, anyam ninnu pokunna inganeyulla nanavulla badhangale veendum ormippichu..

    ReplyDelete
  6. ആ സ്നേഹം ഇവിടെ പങ്കുവെച്ചതില്‍ നന്ദി...ഈ അമ്മൂമ്മ എന്നെയും കീഴ്പെടുത്തി...

    ReplyDelete
  7. ചേട്ടന്‍ അന്ന് എന്നോട് പറഞ്ഞ ഈ അമ്മൂമ്മയ്ക്ക് ഇത്രയും ശക്തമായ ഒരു ഭാഷാഖ്യാനം കൊടുത്തപ്പോള്‍ അവരുടെ സ്നേഹത്തിന്‍റെ തീവ്രത എന്തു മാത്രം ഉണ്ടായിരുന്നു എന്ന് എനിക്ക് നന്നായി തിരിച്ചറിയാന്‍ പറ്റി.....

    ഇനിയും നന്നായി എഴുതാന്‍ പറ്റട്ടെ.....

    ReplyDelete
  8. നന്ദി നന്ദി ഇരകളെ സന്തോഷിപ്പിക്കുന്ന വേട്ടക്കാര്‍ വിരളം തന്നെ.

    ReplyDelete
  9. vayanakarude manasine vetayadi pidikuuna varikal.....

    Vallapozhum mathram veetil pokumbol 10 min polum ente ammumayku vendi chilvidathathil Lajjikunnu! Eee Kadayile Ammmumaye pole oru padu kathakal Orkanundu ente ammumaye kurichu ............

    ReplyDelete
    Replies
    1. Thanks. If my article succeeded in reminding your grandmother, Im satisfied. Please follow for more posts

      Delete
  10. This comment has been removed by the author.

    ReplyDelete
  11. I've heard people saying that some feelings that so intense can never be expressed in words.
    but after reading this..... there is no way other than to admit that even intense feelings can also indeed be expressed in words
    Hats off binu cheta..

    ReplyDelete
  12. സ്നേഹമുള്ള ഈ അമ്മൂമ്മ ഇനിയും ഒരുപാടു കാലം ബിനുചേട്ടനും, മറ്റെല്ലാവര്‍ക്കും സ്നേഹം പകരാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ..

    ReplyDelete
  13. natinpuravum ,muthassiyum,balyavum ,niramulla ormmakal endeyum manassilekodiyethi...anubhavakurip othiri ishtayi..

    ReplyDelete
  14. നല്ല പോസ്റ്റിങ്ങ്...

    ReplyDelete
  15. നല്ല പോസ്റ്റിങ്ങ്...മാറിപോയി ഹസ്സിന്റെ ജിമെയിൽ അക്കൌണ്ട് ലോഗിൻ ആയിരുന്നു

    ReplyDelete
  16. തലമുറകളില്‍ നിന്നും തലമുറകളിലേക്ക്‌ കടന്നുപോകുന്ന കരുതലിന്റെയും വാത്സല്യത്തിന്റെയും വൈദ്യുതപ്രവാഹമല്ലേ സത്രീ?

    ReplyDelete